കഠിനാധ്വാനംകൊണ്ട് ജീവിതത്തില്‍ നേട്ടങ്ങള്‍ കൈപ്പിടിയിലാക്കിയ നിരവധി ആളുകളുണ്ട്. ആത്മവിശ്വാസംകൊണ്ട് ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് വിജയത്തിന്റെ പടവുകള്‍ കയറിയ വ്യക്തികളുടെ കൂട്ടത്തില്‍ ഇപ്പോള്‍ മറ്റൊരു പേര് കൂടി ചേര്‍ക്കപ്പെടുന്നു. മിസ് യൂണിവേഴ്സ് തായ്ലാന്ഡ് 2022-യി തിരഞ്ഞെടുക്കപ്പെട്ട അന്ന സുയെന്ഗാംഇയാം എന്ന സുന്ദരിയുടെ ജീവിത കഥയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മത്സരത്തിന്റെ ഭാഗമായി അന്ന ധരിച്ച കോസ്റ്റ്യൂമാണ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്.
മാലിന്യം ശേഖരിക്കുന്ന ജോലിയായിരുന്നു അന്നയുടെ അച്ഛന്, അമ്മയ്ക്ക് തെരുവ് വൃത്തിയാക്കുന്ന ജോലിയും. ഇരുവരോടുമുളള ആദര സൂചകമായി മത്സരത്തിന്റെ ഒരു റൗണ്ടില്‍ ശീതളപാനീയ ക്യാനുകളുടെ പുള്‍ ടാബുകള്‍ കൊണ്ട് നിര്‍മ്മിച്ച വസ്ത്രമാണ് അന്ന ധരിച്ചത്. സൗന്ദര്യ മത്സരത്തിന്റെ ഒരു റൗണ്ടില്‍ പാഴ്വസ്തുക്കളില് നിന്ന് വസ്ത്രം ധരിക്കണമെന്നത് അന്നയുടെ തീരുമാനമായിരുന്നു. മനോഹരമായുളള ആ ഗൗണിലുളള തന്റെ ചിത്രം അന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു.
ആരിഫ് ജെവാംഗ് എന്ന പ്രമുഖ ഡിസൈനറാണ് അന്നയ്ക്കായി ഇത്തരത്തിലൊരു ഗൗണ്‍ തയ്യാറാക്കിയത്. തകര്‍പ്പന്‍ ലുക്കിലുളള ഗൗണ്‍ 'പുള്‍ ടാബ് ' പോലെ ഒരു പാഴ് വസ്തുവില്‍ നിന്നാണ് നിര്‍മ്മിച്ചതെന്ന് ആശ്ചര്യത്തോടെ മാത്രമായിരിക്കും നോക്കികാണാന്‍ സാധിക്കുക. വ്യത്യസ്തമായ ആശയം സ്വീകരിച്ച അന്നയെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. തന്റെ കുട്ടികാലവുമായി ഈ ഗൗണിന് ബന്ധമുണ്ടെന്നായിരുന്നു അന്ന പോസ്റ്റിന് താഴെ കുറിച്ചത്.






