
ലക്നൗ: ലൈംഗിക പീഡനാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന് മേധാവി ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ് ഇന്ന് മാധ്യമങ്ങളെ കാണും. ഉച്ചയോടെ ഉത്തര്‍പ്രദേശിലെ ഗോണ്ടയിലെ നവാബ്ഗഞ്ചിലുള്ള ഗുസ്തി ട്രെയിനിംഗ് സെന്ററിലാണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ഡല്‍ഹിയിലായിരുന്ന സിംഗ് രാത്രി യു.പിയില്‍ എത്തി. ഞായറാഴ്ച അയോധ്യയില്‍ ചേരുന്ന ഗുസ്തി ഫെഡറേഷന്റെ യോഗത്തില്‍ പങ്കെടുക്കാനാണ് യു.പിയില്‍ എത്തിയിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സിംഗ് രാജിവച്ചേക്കുമെന്നും പ്രഖ്യാപനം 22ന് നടക്കുന്ന യോഗത്തിലുണ്ടാകുമെന്നുമാണ് സൂചന.
തനിക്കെതിരായ രാഷ്ട്രീയ ഗൂഢാലോചന ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടുമെന്നാണ് കൈസര്‍ഗഞ്ചില്‍ നിന്നുള്ള ബി.ജെ.പി എം.പി കൂടിയായ സിംഗ് പറയുന്നത്. വനിതാ താരങ്ങളുടെ അന്തസ്സ് വച്ചുള്ള കളിയാണ് ഇവിടെ നടക്കുന്നത്.- അദ്ദേഹം ആരോപിച്ചു.
അതേസമയം, സിംഗിന്റെ ആരോപണങ്ങള്‍ നിഷേധിച്ച ഗുസ്തി താരങ്ങള്‍, തങ്ങളുടെ പക്കല്‍ എല്ലാ തെളിവുകളുമുണ്ടെന്നും പേരുകള്‍ പുറത്തുവിടാന്‍ നിര്‍ബന്ധിക്കരുതെന്നും പറഞ്ഞു. ലൈംഗി ചൂഷണ ആരോപണങ്ങള്‍ സത്യമാണ്. പേരുകള്‍ പുറത്തുവിടാന്‍ തങ്ങളെ നിര്‍ബന്ധിക്കരുത്. മാത്രമല്ല, നാളെ ഗുസ്തി താരങ്ങള്‍ക്ക് മാത്രമല്ല രാജ്യത്തെ മുഴുവന്‍ സ്ത്രീകള്‍ക്കും ഇതൊരു കരിദിനമായിരിക്കും. എല്ലാം തുറന്നു സംസാരിക്കാന്‍ താല്പര്യമുള്ള കുട്ടികളുണ്ട്. അത് സംഭവിച്ചാല്‍ ഗുസ്തി ഫെഡറേഷന് മേധാവിക്കെതിരെ തങ്ങള്‍ കേസ് കൊടുക്കും. തങ്ങളുടെ പക്കല്‍ എല്ലാ തെളിവുകളുമുണ്ട്.- ഗുസ്തി താരം വിനേഷ് ഫോഗട്ട് പറഞ്ഞു.
സര്‍ക്കാര്‍ പ്രതിനിധികളായി ചര്‍ച്ചയ്ക്കെത്തിയ ഗുസ്തി താരവും ബി.ജെ.പി നേതാവുമായ ബബിത ഫോഗട്ടും കൂട്ടരും ഇന്നലെ പ്രതിഷേധക്കാരെ കണ്ടെങ്കിലും നിലപാടില്‍ മാറ്റം വരുത്താന്‍ അവര്‍ തയ്യാറായില്ല. ഇന്നലെ രാത്രി 10 മണിയോടെ കായികമന്ത്രി അനുരാഗ് താക്കൂറിന്റെ വസതിയില്‍ മുതിര്‍ന്ന താരങ്ങള്‍ ചര്‍ച്ചയ്ക്കെത്തിയിരുന്നു. പുലര്‍ച്ചെ 1.45 ഓടെയാണ് അവര്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങിയത്. എന്നാല്‍ ചര്‍ച്ചയെ കുറിച്ച് മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല.






