
ജീവിതത്തിലെ ഏറ്റവും സുപ്രധാന നിമിഷമാണ് വിവാഹം. വിവാഹ ചടങ്ങുകളിലെ മുഖ്യ താരങ്ങള്‍ വധു വരന്മാര് തന്നെയാണ്. മറ്റുള്ള ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനോഹരമായ ആടയാഭരങ്ങള്‍ ധരിച്ചാണ് ഇരുവരും സദസ്സിനു മുന്നില്‍ എത്തുന്നത്. വിവാഹ ദിവസം ബന്ധുക്കള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് വധുവരന്മാരുടെ ഈ രംഗപ്രവേശം. വിലകൂടിയ ആഡംബര കാറിലും താളമേളങ്ങളുടെ അകമ്പടിയോടെയാകും അവരെത്തുക.എന്നാല്‍ കല്യാണ ദിവസം മെട്രോ ട്രെയിനില്‍ വന്നിറങ്ങുന്ന വധുവിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ? സംഭവം ബംഗളൂരിലാണ്.
ഫോറെവര്‍ ബംഗളൂരു എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. അതീവ ഭംഗിയുള്ള സാരിയുടുത്തും മനോഹരമായ ആഭരങ്ങള്‍ അണിഞ്ഞും മെട്രോയിലേക്ക് കയറുന്ന വധുവിന്റെ കാഴ്ചയാണ് കാണികളില്‍ കൗതുകം ഉണര്‍ത്തിയത്. വധുവിനെ അനുഗമിച്ച് ബന്ധുക്കളും പിന്നാലെ ഉണ്ടായിരുന്നു. കാറില്‍ വിവാഹ സ്ഥലത്തേക്ക് പോകുന്ന വഴി കടുത്ത ട്രാഫിക്ക് ബ്ലോക്ക് നേരിട്ടതിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു മാര്‍ഗ്ഗം സ്വീകരിച്ചത്. കാറില്‍ യാത്ര തുടര്‍ന്നാല്‍ മുഹൂര്‍ത്തത്തിന് മുന്‍പ് എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ അതിവേഗം തന്നെ മെട്രോയെ സമീപിക്കുകയായിരുന്നു.
ട്വിറ്ററില്‍ വൈറലായതോടെ നിരവധി ആളുകളാണ് വധുവിന്റെ ഈ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്ത് വന്നത്. അവള് സാമര്ത്ഥ്യമുള്ളവളാണ് അതുകൊണ്ട് തന്നെ അവളുടെ ദാമ്പത്യ ജീവിതം ഏറ്റവും മനോഹരമായിരിക്കും എന്നാണ് പലരുടെ അഭിപ്രായം. വരന് ഭാഗ്യവാനാണെന്നും കാര്യക്ഷമതയുള്ള ഒരു ഭാര്യയെ കിട്ടാന്‍ പോകുന്നതില്‍ സന്തോഷിക്കണമന്നും മറ്റു ചിലരും അഭിപ്രായപ്പട്ടു.







Comments