
കാസര്‍ഗോട്: വീടുകളില്‍ നിന്നും ലഭിച്ച മാലിന്യം തരംതിരിക്കുന്നതിനിടയില്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് കിട്ടിയത് 50,000 രൂപ. ഉടമയ്ക്ക് പണം തിരികെ കൊടുത്ത് സത്യസന്ധതയുടെ മാതൃക തീര്‍ക്കുകയും ചെയ്തു. കാസര്‍ഗോഡ് മടിക്കൈ യിലെ ഹരിതകര്‍മ്മ സേനാംഗങ്ങളായ സുശീലയും ഭവാനിയുമാണ് സത്യസന്ധതയ്ക്ക് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് രണ്ടുപേരെയും അഭിനന്ദിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടിട്ടുണ്ട്. മടിക്കൈ ആറാം വാര്‍ഡിലെ ഹരിതകര്‍മ്മ സേനാംഗങ്ങളാണ് സുശീലയും ഭവാനിയും. കൂലിപ്പണിക്കാരനായ രാജീവന്റേതായിരുന്നു പണം. വീടുപണിക്കായി സൂക്ഷിച്ചു വെച്ചിരുന്ന പണം കാണാതായിരുന്നു. തുടര്‍ന്ന് ഭവാനിയേയും സുശീലയേയും രാജീവ് ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെ വീടുകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് അരിച്ചുപെറുക്കി പണം കണ്ടെത്തുകയും രാജീവനെ ഏല്‍പ്പിക്കുകയുമായിരുന്നു.
പണം മാലിന്യശേഖരണത്തില്‍ നിന്നും കണ്ടെത്തിയ ഉടന്‍ തന്നെ ഇരുവരും രാജീവനെ വിളിച്ചു വിവരം പറഞ്ഞു. പിന്നീട് സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ പണം കൈമാറി. കേരളത്തിന്റെ ശുചീകരണത്തിന്റെ ഭാഗമായി വീടുകളില്‍ വന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന ജോലി ചെയ്യുന്നത് ഹരിത കര്‍മ്മ സേനാംഗങ്ങളാണ്. ഇവര്‍ക്ക് വീട്ടുകാര്‍ 50 രൂപ വീതം യൂസര്‍ഫീയും നല്‍കണം.
യൂസര്ഫീയുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് യൂസര്‍ഫീ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് നല്‍കുന്നത് നിര്‍ബ്ബന്ധമാക്കി മാറ്റിയിട്ടുണ്ട്. 50 രൂപ പിടിച്ചുപറിക്കുന്നവരെന്ന് ഹരിതകര്‍മ്മ സേനാംഗങ്ങളെ ചിത്രീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ, അന്‍പതിനായിരം രൂപ സുരക്ഷിതമായി തിരിച്ചേല്‍പ്പിച്ച് സുശീലയും ഭവാനിയും ഒറ്റ നിമിഷത്തില്‍ തോല്‍പ്പിച്ചെന്നായിരുന്നു മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
സുശീലയെയും ഭവാനിയെയും ഞാന്‍ അഭിമാനപൂര്‍വം പരിചയപ്പെടുത്തട്ടെ. കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ ആറാം വാര്‍ഡിലെ ഹരിതകര്‍മ്മ സേനാംഗങ്ങളാണ് ഇവര്‍ ഇരുവരും. മാലിന്യത്തിനൊപ്പം ലഭിച്ച അരലക്ഷം രൂപ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച സത്യസന്ധതയ്ക്ക്, ഇവര്‍ ഇരുവരെയും സംസ്ഥാന സര്‍ക്കാരിനും തദ്ദേശ സ്വയം ഭരണ വകുപ്പിനും വേണ്ടി ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുകയാണ്.
വാര്‍ഡിലെ നിരവധി വീടുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്നതിനിടെയാണ്, പ്ലാസ്റ്റികിനൊപ്പം പണം എന്തെങ്കിലും ഉള്‍പ്പെട്ടിരുന്നോ എന്ന അന്വേഷണവുമായി രാജീവന്റെ ഫോണ്‍ വരുന്നത്. കൂലിവേലക്കാരനായ രാജീവന് വീട് പണിക്കായി സൂക്ഷിച്ച പണമാണ് നഷ്ടമായത് എന്നും ഇവരെ അറിയിച്ചു. ആ നാട്ടില്‍ നിന്ന് ശേഖരിച്ച മാലിന്യമാകെ അരിച്ചുപെറുക്കി, ഒടുവില്‍ അരലക്ഷം രൂപ ഇവര്‍ കണ്ടെത്തുകയായിരുന്നു. പണം സുരക്ഷിതമായി കയ്യിലുണ്ടെന്ന് ഉടമയെ വിളിച്ച് അറിയിച്ച്, സാക്ഷികളുടെ സാന്നിധ്യത്തില്‍ കൈമാറി.
അന്‍പത് രൂപ പിടിച്ചുപറിക്കുന്നവരെന്ന് ഹരിതകര്‍മ്മസേനാംഗങ്ങളെ ചിത്രീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ, അന്‍പതിനായിരം രൂപ സുരക്ഷിതമായി തിരിച്ചേല്‍പ്പിച്ച് സുശീലയും ഭവാനിയും ഒറ്റ നിമിഷത്തില്‍ തോല്‍പ്പിക്കുകയാണ്. മാലിന്യം ശേഖരിച്ച് മാത്രമല്ല, എല്ലാ രീതിയിലും നാടിനായി സേവനം ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തകരാണ് ഹരിതകര്‍മ്മ സേനാംഗങ്ങളെന്ന് ഇവര്‍ ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ്.
സംസ്ഥാനത്തെ 30,890 സേനാംഗങ്ങളുടെയും പ്രതിനിധികളാണിവര്‍. കേരളത്തിന്റെ ഈ ശുചിത്വ സേനയെ ചേര്‍ത്തുപിടിക്കാനും സഹായമുറപ്പാക്കാനും സമൂഹമാകെ രംഗത്തിറങ്ങണം. സുശീലയെയും ഭവാനിയെയും ഒരിക്കല്‍ക്കൂടി അഭിനന്ദിക്കുന്നു






