
തിരുവനന്തപുരം: ഇരുപത്തൊന്നാമത് അന്താരാഷ്ര്ട ചലച്ചിത്രമേളയില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധിയെ ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം സിനിമ തുടങ്ങും മുന്‍പുള്ള ദേശീയഗാന സമയത്ത് എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് 11 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. ഇതിനു പ്രതികരണമെന്നോണം ഇന്നലെ മേളയിലെ പ്രധാന വേദിയായ ടാഗോര്‍ തിയെറ്ററില്‍ ചില ചലച്ചിത്രപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. രാജ്യസ്നേഹം അടിച്ചേല്‍പ്പിക്കുന്നത് ഫാസിസമാണെന്നും അംഗീകരിക്കാനാകില്ലെന്നും സംവിധായകന് സനല്‍കുമാര്‍ ശശിധരന് പറഞ്ഞു.
തികച്ചും വിനോദ ഉപാധിയായ സിനിമയ്ക്കു മുന്‍പ് ദേശീയഗാനം കാണിക്കുന്നതു അവഹേളനമാണെന്നുമുള്ള പ്ലക്കാര്‍ഡ് ഉയര്‍ത്തിയും ചിലര്‍ പ്രതിഷേധിച്ചു. സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ഡി.ജി.പിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് എല്ലാ ഷോയ്ക്കു മുന്‍പും ദേശീയഗാന സമയത്ത് എഴുന്നേല്‍ക്കണമെന്ന് അറിയിപ്പ് ഐ.എഫ്.എഫ്.കെ അധികൃതര്‍ നല്‍കുന്നുണ്ട്. മിക്ക തിയറ്ററുകളിലും പോലീസിന്റെ നിരീക്ഷണവും ശക്തമാണ്. ഇന്നലെ ടാഗോറില്‍ പ്രതിഷേധിച്ചവരുടെ ദൃശ്യങ്ങള്‍ പൊലീസ് പകര്‍ത്തിയിട്ടുണ്ട്.
അതേസമയം, ഐ.എഫ്.എഫ്.കെയിലെ ദേശീയഗാന ഉത്തരവിനെ പിന്തുണച്ച് സര്‍ക്കാരും സി.പി.എമ്മും രംഗത്തെത്തി. മന്ത്രി എ.കെ. ബാലനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് ഇന്നലെ പ്രതികരിച്ചത്. ദേശീയഗാന സമയത്ത് എഴുന്നേല്‍ക്കാത്തവരെ രൂക്ഷമായാണു കോടിയേരി വിമര്‍ശിച്ചത്. ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേല്ക്കാന് വയ്യാത്തവര്‍ തിയേറ്ററുകളില്‍ പോവേണ്ടതില്ലെന്നു കോടിയേരി. ദേശീയഗാനത്തെ എഴുന്നേറ്റ് നിന്ന് ആദരിക്കണമെന്ന് സുപ്രീംകോടതിയാണ് പറഞ്ഞത്. കോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാരിന്റെ ചുമതലയാണെന്നും കോടിയേരി പറഞ്ഞു. മന്ത്രി എ.കെ. ബാലനും കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും അതില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും പ്രതികരിച്ചു.
ദേശീയഗാനത്തോടുള്ള അനാദരവ് ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നു ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇതിന്റെ പേരില്‍ രണ്ടുതട്ടായി തിരിഞ്ഞുള്ള സംഘര്‍ഷത്തിന്റെ ആവശ്യമില്ല. ക്രമസമാധാനം തകരുന്ന യാതൊരു നടപടിയും അനുവദിക്കില്ല. പ്രദര്‍ശന സമയത്തു ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം നടത്താമെന്നു അക്കാദമി ചെയര്മാന് കമല്‍ ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞു. ദേശീയഗാന വിഷയത്തില്‍ ഡെലിഗേറ്റുകളെ അറസ്റ്റു ചെയ്യേണ്ടിയിരുന്നില്ലെന്ന് ചലച്ചിത്ര അക്കാഡമി ചെയര്മാന് കമല്‍ പ്രതികരിച്ചു. ഈ വിഷയത്തില്‍ പോലീസ് സംയമനം പാലിക്കണമായിരുന്നു. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളത്.
ഒരേ ദിവസം പല സിനിമകള്‍ കാണുന്നവര്‍ എല്ലാ ഷോയ്ക്കും എഴുന്നേറ്റു നില്‍ക്കണമെന്നതു നിര്‍ഭാഗ്യകരമാണ്. ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തതിനെ കുറിച്ച് പരാതി നല്കിയതു ചലച്ചിത്ര അക്കാഡമിയല്ല. ചലച്ചിത്രമേളയില്‍ സംഘര്‍ഷമുണ്ടാകാതെ നോക്കേണ്ടതു പോലീസിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ എടുത്തുചാടി ഇടപെടല്‍ ഉണ്ടാകരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും കമല്‍ വ്യക്തമാക്കി.






