
കോഴിക്കോട് : മെഡിക്കല്‍ പിഴവിനെ തുടര്‍ന്ന് വയറ്റിനുള്ളില്‍ കത്രികയുമായി അഞ്ചുവര്‍ഷം ജീവിച്ച ഹര്‍ഷീന നീതിക്കായി നിരാഹാര സമരത്തിനൊരുങ്ങുന്നു. പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് നടപടിയെടുക്കാമെന്ന മന്ത്രിയുടെ ഉറപ്പിലായിരുന്നു ഇത്രയുംകാലം എന്നാല്‍ ഒരുനടപടിയും ആരംഭിക്കാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് ഹര്‍ഷീന വ്യക്തമാക്കി. നീതി കിട്ടും വരെയും സമരവുമായി മുന്നോട്ട് പോകുമെന്നവര്‍ സൂചിപ്പിച്ചു. തിങ്കളാഴ്ച മുതല്‍ മെഡിക്കല്‍ കോളേജിനു മുന്നില്‍ സമരം ആരംഭിക്കും.
പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹര്‍ഷീനയുടെ വയറ്റിനുള്ളില്‍ കത്രിക കുടുങ്ങിയത്. അഞ്ച് വര്‍ഷത്തോളം കത്രിക വയറ്റിനുള്ളില്‍ തന്നെ ഉണ്ടായിരുന്നു. 2022 സെപിറ്റംബര്‍ 17 നാണ് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തത്. സംഭവം വിവാദമായതോടെ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ അന്വേഷണം നടത്താമെന്ന് അറിയിച്ചു. എന്നാല്‍ അതില്‍ ഹര്‍ഷീന അതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു.
ഹര്ഷീനയ്ക്ക അനുകൂലമായി ആ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പക്ഷേ മൂന്നു മാസം കഴിഞ്ഞിട്ടും അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് പുറത്ത് വിട്ടില്ല. ഇതിനിടെ ഹര്‍ഷീനയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം വാര്‍ത്തയായപ്പോള്‍ ആരോഗ്യ മന്ത്രി ഹര്‍ഷീനയെ നേരിട്ട് വിളിച്ച് ഒരാഴ്ച്ചയ്ക്ക് ഉള്ളില്‍ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പ് നല്കി. എന്നാല്‍ മന്ത്രിയുടെ വാക്കും വെറും വാക്കായി . ഒരു മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് നിരാഹാര സമരവുമായി മുന്നോട്ട് പോകുന്നതെന്ന് ഹര്‍ഷീന വ്യക്തമാക്കി .






