
‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ എന്ന സിനിമയ്ക്ക് തിയേറ്ററില്‍ നിന്നു കിട്ടിയ പ്രതികരണത്തേക്കാള്‍ വലുതാണ് ഒടിടിയിലൂടെ കിട്ടിയത്. അതിനു പിന്നാലെയാണ് വിവാദങ്ങളും ഉയര്‍ന്നത്. സിനിമ നെഗറ്റിവിറ്റിക്ക് പ്രാധാന്യം കൊടുക്കുന്നു, അത് അംഗീകരിക്കാനാവില്ല എന്നാണ് ഇടവേള ബാബു പറഞ്ഞത്. ഇപ്പോഴിതാ നടൻ ഇടവേള ബാബുവിന്റെ പരാമർശങ്ങളിൽ പ്രതികരണം അറിയിക്കുകയാണ് സംവിധായകനും നടനുമായ ദിലീഷ് പോത്തൻ. തന്റെ ഏറ്റവും പുതിയ സിനിമയായ ‘തങ്കം’ സിനിമയുടെ പ്രെമോഷന് സമയത്താണ് ദിലീഷ് പോത്തന് പ്രതികരണം അറിയിച്ചത്. ഓരോരുത്തരും ഓരോ തരത്തിലാണ് സിനിമയെ കാണുന്നതെന്നും ഇടവേള ബാബുവിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണെന്നും ദിലീഷ് പറഞ്ഞു.
‘‘ഓരോരുത്തരും ഓരോ തരത്തിലാണ് സിനിമയെ കാണുന്നത്. വളരെ വ്യക്തിപരമായ അഭിപ്രായമായിരിക്കും ഓരോരുത്തർക്കും സിനിമയെ കുറിച്ചുള്ളത്. അത് നല്ലതോ ചീത്തയോ എങ്ങനെയാണെങ്കിലും സ്വീകരിക്കേണ്ടത് ഓരോ വ്യക്തിയുടെയും സ്വന്തന്ത്രമാണ്. ഞാനൊരു സിനിമ ചെയ്യുമ്പോൾ ഇങ്ങനെ തന്നെ എന്റെ സിനിമയെ എല്ലാവരും കാണണം, എനിക്ക് ഇഷ്ട്ടപെട്ട രീതിയിൽ തന്നെ ഇതിനോട് പ്രതികരിക്കണം എന്ന് ഒരു ഫിലിം മേക്കർ വാശി പിടിക്കുന്നതിൽ കാര്യമില്ല. സിനിമ കണ്ടിട്ട് ഓരോരുത്തർക്കും അവരവരുടെ അഭിപ്രായങ്ങൾ തുറന്ന് പറയാം. അവരെ അത് എങ്ങനെ സ്വാധീനിച്ചു എന്നുള്ളത് വളരെ വ്യക്തിപരമാണ്. ബാബു ചേട്ടന് അത് പറയാനുള്ള സ്വാതന്ത്രമുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.’’ ഇങ്ങനെയാണ് ദീലീഷ് പറഞ്ഞത്.
നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലാണ്
‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന സിനിമയെക്കുറിച്ച് നടനും അമ്മ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു സംസാരിച്ചത്. സിനിമ മുഴുവനും നെഗറ്റീവാണെന്നും ഇതിന് എങ്ങനെ സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നും ഇടവേള ബാബു പറഞ്ഞിരുന്നു. പരാമർശനത്തിന് ശേഷം ഇടവേള ബാബുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.






