
ന്യൂഡല്‍ഹി: ട്വന്റി20 മത്സരങ്ങളില്‍ കാട്ടുന്ന ബാറ്റിംഗ് മികവിന് അംഗീകാരമായി ഇന്ത്യയുടെ യുവ ബാറ്റ്സ്മാന് സൂര്യകുമാര്‍ യാദവ് ഐസിസിയുടെ ട്വന്റി20 ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍. ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് ട്വന്റി20 യില്‍ നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനാണ് സൂര്യകുമാര്‍.
2022 ല്‍ 1164 റണ്‍സ് നേടിയതാണ് താരത്തെ മികച്ച ട്വന്റിട്വന്റി താരമാക്കി മാറ്റിയത്. 187.43 ആണ് താരത്തിന്റെ സ്ട്രൈക്ക്റേറ്റ്. ടി ട്വന്റിയില്‍ രണ്ടു സെഞ്ച്വറികളും ഒമ്പത് അര്‍ദ്ധശതകങ്ങളും താരത്തിന്റെ പേരിലുണ്ട്. 45 ടിട്വന്റി മത്സരങ്ങള്‍ കളിച്ചിട്ടുള്ള സൂര്യകുമാര്‍ യാദവ് 1578 റണ്‍സ് നേടിയിട്ടുണ്ട്.
ഈ വര്‍ഷവും താരം തുടങ്ങിയത് ട്വന്റിട്വന്റി സെഞ്ച്വറിയോടെയാണ്. ജനുവരി 7 ന് രാജ്കോട്ടില്‍ ശ്രീലങ്കയ്ക്ക് എതിരേയാണ് താരം ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി20 യില്‍ അവസാനമായി കളിച്ചത്. ഈ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് എതിരേ കളിയിലെ കേമനായി സൂര്യകുമാര്‍ തെരഞ്ഞെടുക്കപ്പെട്ട താരം 51 പന്തുകളില്‍ 112 റണ്‍സാണ് അടിച്ചത്. ഏഴു ബൗണ്ടറികളും ഒമ്പത് സിക്സറുകളും താരം പറത്തി.
ഈ മത്സരത്തില്‍ 91 റണ്‍സിനായിരുന്നു ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 228 റണ്‍സ് എടുത്തപ്പോള്‍ ശ്രീലങ്ക 137 ന് തകര്‍ന്നു. 2022 നവംബറില്‍ ന്യൂസിലന്റിനെതിരേയും താരം സെഞ്ച്വറി നേടിയിരുന്നു. ഓവലില്‍ നടന്ന രണ്ടാം ടി ട്വന്റി മത്സരത്തില്‍ 51 പന്തുകളിലായിരുന്നു സൂര്യകുമാര്‍ യാദവ് സെഞ്ച്വറി നേടിയത്. 11 ഫോറുകളും ഏഴു സിക്സറുകളും പറത്തിയിരുന്നു.




