
ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ‘പഠാന്’ ജനമനസ്സുകള്‍ കീഴടക്കി മുന്നേറുകയാണ്. ഭാഷയുടെ അതിര്‍വരമ്പുകള്‍ മറികടന്ന് പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ് ഈ സിനിമ. പ്രീ ബുക്കിങ്ങില്‍ തന്നെ കോടികള്‍ കൊയ്ത ചിത്രം വാദങ്ങള്‍ക്കിടയിലും തിയേറ്ററുകളിലെത്തിയപ്പോള്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം പത്മപ്രിയ ‘പഠാന്’ കാണാന്‍ പോയ സന്തോഷവും പ്രേക്ഷകരുടെ ആവേശവും പങ്കിടുകയാണ്.
ഡല്‍ഹിയിലെ ഏറ്റവും പഴയ തിയേറ്ററുകളിലൊന്നായ ഡിലൈറ്റ് സിനിമാസിലാണ് താരമെത്തിയത്. ആരാധകര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുമ്പോള്‍ പത്മപ്രിയയും അത് ആസ്വദിക്കുകയാണ്. ‘‘പഠാന്റെ FDFS കാണാൻ പോയി സിനിമയുടെ മാസ്മരികത അനുഭവിച്ചു. തിയേറ്ററിലെ ഊർജ്ജം ശരിക്കും അവിശ്വസനീയമായിരുന്നു. 2005 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം രാജമാണിക്യത്തിന്റെ റീലിസ് സമയത്താണ് ഇതിനു മുന്‍പ് ആര്‍പ്പു വിളികള്‍ക്ക് മുന്പിലിരുന്നു. ഇത് എന്നെ രാജമാണിക്യത്തിന്റെ റിലീസിലേക്ക് തിരികെ കൊണ്ടുപോയി. എന്തൊരു അത്ഭുതകരമായ അനുഭവം!! മമ്മൂട്ടിയെയും ടാഗ് ചെയ്താണ് പത്മപ്രിയ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് പത്മപ്രിയ. ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഒരിടവേളയ്ക്കു ശേഷം ‘ഒരു തെക്കന്‍ തല്ലു കേസ്’ എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ തിരിച്ചെത്തിയത്. ബിജു മേനോന്, റോഷന് മാത്യൂസ്, നിമിഷ സജയന് എന്നിവരാണ് ആ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.
‘സീനു വാസന്തി ലക്ഷ്മി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു പത്മപ്രിയയുടെ അഭിനയ അരങ്ങേറ്റം. പിന്നീട് മമ്മൂട്ടി ചിത്രമായ ‘കാഴ്ച’യിലൂടെ മലയാളത്തിലും തിളങ്ങി. അമൃതം, രാജമാണിക്യം, വടക്കുംനാഥന് തുങ്ങിയ ചിത്രങ്ങളിലൂടെ പത്മപ്രിയ മലയാളികള്‍ക്കു സുപരിചിതയായി മാറി. അഞ്ജലി മേനോന്റെ സംവിധായത്തിലുള്ള വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നുള്ള ഗര്‍ഭിണികളുടെ കഥ പറഞ്ഞ ‘വണ്ടര്‍ വുമണ്‍’ ആണ് താരം അവസാനമായി അഭിനയിച്ച ചിത്രം.






