വര്‍ഷങ്ങളായി ഭിക്ഷാടനം തൊഴിലാക്കിയ സ്ത്രീയെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. തൊഴില്‍ ഭിക്ഷാടനം ആണെങ്കിലും ആഡംബര ജീവിതമായിരുന്നു ഇവര്‍ നയിച്ചിരുന്നത്. ആരാധനാലയങ്ങള്‍ക്ക് മുന്‍പിലായി ഭിക്ഷാടനം നടത്തിയിരുന്ന ഇവര്‍ ആഴ്ച്ചകളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഭിക്ഷാടനം നടത്തുന്ന സ്ഥലത്ത് നിന്ന് വളരെ ദൂരത്തായി ഇവരുടെ ആഡംബര കാര്‍ നിര്‍ത്തിയിടും.
വണ്ടി ദൂരത്ത് നിര്‍ത്തിയിട്ടിരിക്കുന്നത് കൊണ്ട് ഇവരെ ആളുകള്‍ തിരിച്ചറിയാറില്ലായിരുന്നു. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു ഇവര്‍ പിടിയിലായത്. ഭിക്ഷാടനം രാജ്യത്ത് നിയമ ലംഘനമാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയുളള ഭിക്ഷടനവും പൊലീസിന്റെ നിരീക്ഷണത്തിലാണ്. 1000 ദിര്‍ഹം പിഴയാണ് ഇത്തരത്തിലുളള കേസുകളില്‍ നല്കുന്ന ശിക്ഷ. ഐ ടി നിയമ പ്രകാരമായിരിക്കും ഓണ്‍ ലൈന്‍ മാധ്യമങ്ങളിലൂടെയുളള ഭിക്ഷാടകര്‍ക്കെതിരെ കേസെടുക്കുക.
ഇത്തരത്തില്‍ ഓണ്‍ലൈനായി ഭിക്ഷടനം നടത്തുന്നവരെ ശ്രദ്ധയില്‍പെട്ടാല്‍ 999 എന്ന നമ്പറില്‍ വിളിച്ച് അബുദാബി പൊലീസിനെ വിവരമറിയിക്കണം. ഒരു മാസത്തിന്റെ ഇടയില്‍ പൊലീസ് നടത്തിയ അന്വേണത്തില്‍ 159 യാചകരാണ് പിടിയിലായത്. കഥന കഥകള്‍ പറഞ്ഞാണ് ഇത്തരക്കാര്‍ ആളുകളില്‍ നിന്ന് പണം വാങ്ങുന്നത്. ആരെങ്കിലും സംഭാവനകള്‍ നല്‍കുന്നതിനായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ സര്‍ക്കാര്‍ സന്നദ്ധ സ്ഥാപനങ്ങളെ ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു.






