
പ്രമുഖ കന്നഡ ഹാസ്യ താരം മന്ദീപ് റോയ് (73) അന്തരിച്ചു. ഹൃദയാഘാതത്തിനെ തുടര്‍ന്ന് ഞായാറാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെ ഭൈരസാന്ദ്രയിലെ വസതിയിലായിരുന്നു അന്ത്യം. നടന് ശങ്കര്‍ നാഗിന്റെ സിനിമകളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം 500 ഓളം സിനിമകളില്‍ അഭിനയിച്ചട്ടുണ്ട്.
1981 ല്‍ പുറത്തിറങ്ങിയ ' മിഞ്ചിന ഊട്ട' എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ബേങ്കിയ ബെല്ലെ, അക്ഷ്മിക, യേലു സുതിക കൊട്ടെ, ഗീത തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. അന്തരിച്ച നടനും സംവിധായകനുമായ ശങ്കര്‍നാഗിന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. ഒരു കാലത്ത് ശങ്കര്‍ സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു ഇദ്ദേഹം. ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരം പിന്നീട് രാജ് കുമാര്‍ ഉള്പ്പെടെയുളളവരോടൊപ്പം അഭിനയിച്ചു.
2017 ല്‍ പുറത്തിറങ്ങിയ രാജകുമാര, പുഷ്പക വിമാന തുടങ്ങിയ ചിത്രങ്ങളില്‍ അവിസ്മരണീയമായ അഭിനയമാണ് കാഴ്ച്ചവച്ചത്. പിന്നീട് ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് താന്‍ ഏറെ സ്നേഹിച്ചിരുന്ന സിനിമയില്‍ നിന്ന് അദ്ദേഹം വിട്ട് നില്‍ക്കുകയായിരുന്നു.
ബംഗാളി ദമ്പതികളുടെ മകനായി 1949 ഏപ്രില്‍ നാലിന് ജനിച്ച മന്ദീപ് കുട്ടിക്കാലത്ത് തന്നെമാതാപിതാക്കളോടൊപ്പം മുംബൈലേക്ക് ചേക്കേറി. എഞ്ചിനിയറിംഗ് പൂര്‍ത്തികരിച്ച ഇദ്ദേഹം കുറച്ച് കാലം ഐ ബി എം ഉള്‍പ്പെടെയുളള കമ്പനികളിലും ജോലി ചെയ്തിരുന്നു. സിനിമ മേഖലയിലെ പ്രമുഖ താരങ്ങള്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചു.






