
ഷാരുഖ് ഖാൻ ഏറ്റവും പുതിയ ചിത്രം 'പഠാൻ' തീയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബോളിവുഡ് കിംഗ് ഖാന്റെ ഒരു ചിത്രം തീയേറ്ററിൽ എത്തിയത്. റിലീസ് മുൻപ് തന്നെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണിത്. വിവാദങ്ങൾക്ക് നടുവിൽ റിലീസ് ചെയ്തെങ്കിലും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. അഞ്ച് ദിവസം കൊണ്ട് 542 കോടി രൂപയുടെ കലക്ഷനാണ് സിനിമ നേടിയത്. ഇപ്പോഴിതാ 'പഠാന്റെ' വിജയാഘോഷ വേദിയിൽ ജയപരാജയങ്ങളെക്കുറിച്ച് താരം മനസ്സും തുറക്കുകയാണ്.
2018ല് തകര്ന്നടിഞ്ഞ ബോളിവുഡ് ചിത്രം ‘സീറോ’യ്ക്ക് ശേഷം തനിക്ക് ആത്മവിശ്വാസം തീരെ ഉണ്ടായിരുന്നില്ലെന്നും ചിലപ്പോഴൊക്കെ പേടിയുണ്ടായിരുന്നെന്നും താരം വെളിപ്പെടുത്തി . ‘‘സിനിമാ വ്യവസായത്തിന് ജീവൻ നൽകിയതിന് നന്ദി, ഒന്നും അസ്തമിച്ചിട്ടില്ല. എന്നെ സ്നേഹിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾ ഉണ്ട്, സിനിമ അനുഭവം ഒരു പ്രണയാനുഭവമാണ്. അത് ആരെയും വേദനിപ്പിക്കാൻ പാടില്ല. ഞങ്ങളെല്ലാം നിങ്ങളെ രസിപ്പിക്കാൻ എത്തുന്നവരാണ്. സിനിമയിൽ വില്ലന്മാരായി വേഷമിടേണ്ടി വരും. പക്ഷേ ജീവിതത്തിൽ അവരെല്ലാം അങ്ങനാണെന്ന് കരുതരുത്.
സിനിമയെ വിനോദോപാദിയായി മാത്രം കാണുക.’’... ഇതിനൊപ്പം സിനിമയുടെ റിലീസിനെ തടസപ്പെടുത്തുന്ന പലതും സംഭവിച്ചെങ്കിലും ഇത്രയധികം പിന്തുണ നല്കിയതിന് പ്രേക്ഷകരോടും മാധ്യമങ്ങളോടും ഞങ്ങളെല്ലാം അങ്ങേയറ്റം നന്ദിയുള്ളവരാണെന്നും താരം കൂട്ടിച്ചേർത്തു.
റെക്കോർഡുകൾ തകർത്ത് സിനിമ കുതിക്കുകയാണ്. ഇന്ത്യയിൽ നിന്ന് 335 കോടിയും വിദേശ രാജ്യങ്ങളിൽ നിന്നായി 207 കോടിയും സിനിമ നേടി. കടുത്ത പ്രതിസന്ധിയിലായിരുന്ന ബോളിവുഡിന്റെ പുതുജീവനായിട്ടാണ് പഠാൻ സിനിമയെ വിലയിരുത്തുന്നത്. ചിത്രമാകട്ടെ ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാരാന്ത്യ ഓപ്പണിങ് ആയി മാറി.






