
ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്. രാവിലെ 11 ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിക്കും. ഒന്‍പതു സംസ്ഥാന നിയമസഭകളിലേക്ക് ഈവര്‍ഷവും ലോക്സഭയിലേക്ക് അടുത്തവര്‍ഷവും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാംവട്ടമാണു നിര്‍മല ബജറ്റ് അവതരിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷത്തേതിനു സമാനമായി കടലാസ് രഹിതരൂപത്തിലായിരിക്കും ഇത്തവണയും ബജറ്റ് അവതരണം. തെരഞ്ഞെടുപ്പു വര്‍ഷമായതിനാല്‍ അടുത്തവര്‍ഷം ഇടക്കാലബജറ്റാകും അവതരിപ്പിക്കുന്നത്. അടുത്ത സാമ്പത്തികവര്‍ഷം വളര്‍ച്ചാനിരക്ക് കുറഞ്ഞാലും ലോകസാമ്പത്തികശക്തികളില്‍ ഇന്ത്യയുടെ സ്ഥാനം മുന്നിരയില്ത്തന്നെയായിരിക്കുമെന്നു പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ പറയുന്നു.
നടപ്പുവര്‍ഷം സാമ്പത്തികവളര്‍ച്ച ഏഴുശതമാനമാകും. എന്നാല്‍, 2023-24 സാമ്പത്തികവര്‍ഷം മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) 6.5 ശതമാനമായി താഴ്ന്നേക്കുമെന്നും സര്‍വേ. ഇന്ന് അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിനു മുന്നോടിയായി ധനമന്ത്രി നിര്‍മലാ സീതാരാമനാണു സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്. കോവിഡിനു മുമ്പുള്ള സ്ഥിതിയിലേക്ക് ഇന്ത്യന്‍ സമ്പദ്രംഗം മടങ്ങിയെത്തിയതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, ആഭ്യന്തര-രാജ്യാന്തരസാഹചര്യങ്ങള്ക്ക് അനുസൃതമായി അടുത്തവര്‍ഷം വളര്‍ച്ചാ അനുപാതത്തില്‍ നേരിയ ഇടിവിനു സാധ്യതയുണ്ട്. അടുത്ത സാമ്പത്തികവര്‍ഷം ജി.ഡി.പി. 6.5 ശതമാനമായി താഴും. ഇത് 6.8% വരെ ഉയരാനും സാധ്യതയുണ്ട്. എങ്കിലും നടപ്പുസാമ്പത്തികവര്‍ഷത്തെ നിരക്കായ ഏഴുശതമാനത്തില്‍ കുറവാണിത്. കോവിഡ് മഹാമാരി, റഷ്യ-യുക്രൈന് സംഘര്‍ഷം, ആഗോളമാന്ദ്യഭീതി, പലിശനിരക്കുയര്‍ത്തല്‍ തുടങ്ങിയ പ്രതികൂലസാഹചര്യങ്ങളിലും ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയെന്ന ഖ്യാതി ഇന്ത്യ നിലനിര്‍ത്തുന്നു.
വിവിധ രാജ്യാന്തര ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ഇതിന്റെ സാക്ഷ്യമായി സര്‍വേ ഉയര്‍ത്തിക്കാട്ടി. റഷ്യ-യുക്രൈന് സംഘര്‍ഷപശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ സാമ്പത്തികവെല്ലുവിളിയെ അതിജീവിച്ച് വളര്‍ച്ചയ്ക്കു സഹായകമായി. കോവിഡ് മഹാമാരി ഇതരരാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയേയും ആരോഗ്യരംഗത്തെയും താറുമാറാക്കിയപ്പോള്‍ ഇന്ത്യക്കേറ്റ ആഘാതം തുലോം കുറവായിരുന്നു.
ജി.എസ്.ടിയില്‍ വര്‍ധന
ഹ്രസ്വ-ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ മുന്നേറ്റം പ്രതീക്ഷാനിര്‍ഭരമാണ്. ജനതയുടെ ചെലവഴിക്കല്‍ ശേഷിയിലെ വര്‍ധന വാണിജ്യ, വ്യവസായരംഗത്തിന്റെയും അതുവഴി സമ്പദ്രംഗത്തിന്റെ ആകെ ഉണര്‍വിലേക്കും വിരല്‍ചൂണ്ടുന്നു. കോവിഡ് 2021-22 സാമ്പത്തികവര്‍ഷത്തിനു കനത്ത ആഘാതമേല്‍പ്പിച്ചു. അതില്‍നിന്നു കരകയറിയതിന്റെ വ്യക്തമായ സൂചനയാണ് ചരക്ക് സേവനനികുതി (ജി.എസ്.ടി) വരുമാനത്തിലുണ്ടായ വര്‍ധന. നിലവില്‍ കോവിഡിനു മുമ്പുള്ള നിലവാരത്തിലാണു ജി.എസ്.ടി. വരുമാനം.
പ്രത്യക്ഷനികുതി, ജി.എസ്.ടി. എന്നിവയിലെ കുതിപ്പിന്റെ ഫലമായി ആകെ നികുതി വരുമാനത്തില്‍ 15.5% വളര്‍ച്ചയുണ്ടായി. കഴിഞ്ഞ ഏപ്രില്‍-നവംബര്‍ വരെയുള്ള കണക്കാണിത്.






