
കോഴിക്കോട്: അബുദാബിയില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം എഞ്ചിനില്‍ തീ കണ്ടതിനെ തുടര്‍ന്ന് അബുദാബിയില്‍ തിരിച്ചിറക്കി. വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ തീ കണ്ടെത്തുകയായിരുന്നു. വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയെന്നും യാത്രക്കാരെല്ലാം സുരക്ഷിതമായി ഇരിക്കുന്നെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് പറഞ്ഞു.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബി737 - 800 വിമാനത്തിലെ യാത്രക്കാരാണ് പൈലറ്റിന്റെ സമയത്ത് എടുത്ത തീരുമാനം കൊണ്ടു രക്ഷപ്പെട്ടത്. 184 യാത്രക്കാരുമായിട്ടാണ് പറന്നുയര്‍ന്നത്. വിമാനം 1000 അടി മുകളില്‍ എത്തിയ ശേഷമാണ് പൈലറ്റ് എഞ്ചിനില്‍ തീ കണ്ടത്. ഒന്നാം നമ്പര്‍ എഞ്ചിനില്‍ തീ പടരുന്നത് കണ്ട പൈലറ്റ് ഉടന്‍ തന്നെ തിരിച്ചിറക്കുകയായിരുന്നെന്നാണ് പൈലറ്റ് പറഞ്ഞത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് തിരുവനന്തപുരത്ത് നിന്നും മസ്ക്കറ്റിലേക്ക് പോയ വിമാനം സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കിയത്. 8.30 ന് തിരുവനന്തപുരത്ത് നിന്നും പറന്നുയര്‍ന്ന വിമാനം 9.17 ന് തിരിച്ചിറക്കിയിരുന്നു. പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബായ് എയര്‍ ഇന്ത്യാ എക്സ്പ്രസ് തിരിച്ചിറക്കിയത് അതിനും ഒരുമാസം മുമ്പായിരുന്നു.






