
ദോഡ: ഭൂമി വിണ്ടുകീറുകയും വീടുകളും കെട്ടിടങ്ങളും ഇടിഞ്ഞുതാഴുകയും ചെയ്യുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠിന് പിന്നാലെ പര്‍വ്വതമേഖലയായ കശ്മീരിലും വിള്ളലുകള്‍. ദോഡ ജില്ലയിലാണ് ഭൂമിയിടിഞ്ഞു താണ് കെട്ടിടങ്ങളിലും മറ്റും വിള്ളലുകള്‍ രൂപപ്പെടുന്നത്.
ഏഴു വീടുകള്‍ക്കാണ് ദോഡയില്‍ കേടുപാടുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ഇതിനൊരു പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ വകുപ്പുകളും ശ്രമം തുടങ്ങി. ദോഡയിലെ താത്രി ടൗണിലെ ബസ്തി മേഖലയിലെ കേടുപാടുകള്‍ വന്ന വീട്ടിലെ താമസക്കാര്‍ അയല്വീടുകളിലേക്കോ ബന്ധു വീടുകളിലേക്കോ മാറിയിരിക്കുകയാണ്. ഇതിന് പിന്നാലെ ഭൂമിശാസ്ത്രജ്ഞരും ജില്ലാ അധികൃതരും സ്ഥലം സന്ദര്‍ശിക്കുകയും വിള്ളലുകളുടെ കാരണം കണ്ടെത്താന്‍ ശ്രമിക്കുകയുമാണ്. ഡിസംബര്‍ മുതലാണ് ദോഡയില്‍ വിള്ളലുകള്‍ കണ്ടു തുടങ്ങിയത്.
ഇതുവരെ ഏഴോളം കെട്ടിടങ്ങളിലാണ് പ്രശ്നം കണ്ടിരിക്കുന്നതെങ്കിലും വിള്ളലുകള്‍ വലുതാകുകയാണ്. ഈ മേഖലയും പതിയെ താഴേയ്ക്ക് ഇരുത്തുകയാണെന്ന് സംശയിക്കാനുള്ള സാഹചര്യം ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. മുങ്ങുന്ന പ്രദേശത്ത് സുരക്ഷാ നടപടികള്‍ എന്തെങ്കിലും ചെയ്തുതരാന്‍ ആവശ്യപ്പെട്ട് ദോഡയിലെ ജനകീയ കൂട്ടായ്മ ജനുവരി 29 ന് സര്‍ക്കാരിനെ സമീപിച്ചിരുന്നു.






