
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പലയിടങ്ങളിലും ചില സംഭവങ്ങള്‍ അരങ്ങേറാറുണ്ട്. ഇത്തരത്തില്‍ ബീഹാറിലെ ഗയയില്‍ കഴിഞ്ഞ മാസം ജാതി സര്‍വ്വേ നടന്നതിനെതുടര്‍ന്ന് ഉണ്ടായ ഒരു സംഭവമാണ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുന്നത്. വളരെ വിചിത്രമായ നിലയില്‍ ഉദ്യോഗസ്ഥരുടെ കൈയ്യില്‍ എത്തിയ ഒരു ജാതി സര്ട്ടിഫക്കറ്റിനുള്ള അപേക്ഷയാണ് ഇപ്പോള്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. അപേക്ഷക്കൊപ്പം ലഭിച്ച ആധാര്‍ നമ്പരും ജോലിയും എല്ലാം സംശയം ഒന്നും തോന്നാത്ത തരത്തില്‍ ഉള്ളതായിരുന്നു. എന്നാല്‍ ഇത് സമര്‍പ്പിച്ചിരിക്കുന്നത് മനുഷ്യനല്ല ഒരു നായയാണെന്ന് അറിഞ്ഞപ്പോഴാണ് ഉദ്യോഗസ്ഥര്‍ അന്തം വിട്ടത്.
ഗുരാരു സോണല്‍ ഓഫീസിലാണ് ഈ വിചിത്ര സംഭവം നടന്നത്. ജാതി സര്‍ട്ടിഫിക്കറ്റിനായി സമര്‍പ്പിച്ച ആധാര്‍കാര്‍ഡില്‍ ഉണ്ടായിരുന്നത് ഒരു നായയുടെ ചിത്രമാണ്. പേര് ടോമി, പിതാവ് ഷേരു, അമ്മ ജിന്നി എന്നും ആധാറില്‍ നല്‍കിയിരുന്നു. ഇവയെ കൂടാതെ ജനനത്തീയതി 2022 ഏപ്രില്‍ 4, ഗ്രാമത്തിന്റെ പേര് പാണ്ഡേപോഖര്‍, പഞ്ചായത്തിന്റെ പേര് റൗണ, വാര്‍ഡ് നമ്പര്‍ 13, സര്‍ക്കിള്‍ ഗുരാരു, പോലീസ് സ്റ്റേഷന് കോഞ്ച് എന്നീ കാര്യങ്ങളാണ് മേല്‍വിലാസമായി നല്‍കിയിരിക്കുന്നത്.
അപേക്ഷ തള്ളിക്കളഞ്ഞെങ്കിലും ചെയ്ത ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അപേക്ഷയില്‍ തന്നിരിക്കുന്ന ഫോണ്‍ നമ്പര്‍ വിളിക്കുമ്പോള്‍ ട്രൂകോളറില് രാജ ബാബു എന്ന പേരാണ് കാണിക്കുന്നതെന്നാണ് ഗുരാരു ബ്ലോക്കിലെ സര്‍ക്കിള്‍ ഓഫീസര്‍ സഞ്ചീവ് കുമാര്‍ ത്രിവേദി വ്യക്തമാക്കിയത്. ഉടന്‍ തന്നെ ആളെ കണ്ടെത്തി നിയമ നടപടികള്‍ ആരംഭിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.






