പിച്ച വെച്ചു നടക്കുന്ന പ്രായത്തില്‍ തന്നെ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ് ഒന്നര വയസുകാരന് മാധവ് വിവേക്. തന്റെ ചെറിയ പ്രായത്തില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലാണ് ഈ കൊച്ചു മിടുക്കന് ഇടം നേടിയിരിക്കുന്നത്. തിരുവനന്തപുരം ചിറയിന്‍കീഴ് ശാര്‍ക്കര പവിത്രത്തില്‍ അധ്യാപകരായ വിവേക്, ശ്രീരമ ദമ്പതികളുടെ മകനാണ് കണ്ണനെന്ന് വിളിക്കുന്ന മാധവ്.
ആഘോഷങ്ങള്‍ , വാഹനങ്ങള്‍, പൂക്കള്‍, മൃഗങ്ങള്‍ എന്നിവ അടങ്ങിയ 201 വസ്തുക്കള്‍ തിരിച്ചറിഞ്ഞതിലൂടെയാണ് മാധവിന് ഈ അഭിമാന നേട്ടം സ്വന്തമാക്കാനായത്. ജനിച്ച് ആറു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ മാധവ് പുസ്തകങ്ങളോടും ചിത്രങ്ങളോടും താല്പര്യം കാണിച്ചതായി മാതാപിതാക്കള്‍ പറയുന്നു.
കുഞ്ഞിന്റെ ഈ കഴിവ് തിരിച്ചറിഞ്ഞ അമ്മയാണ് മാധവിനെ ഒരോന്നായി പഠിപ്പിച്ചത്. എന്നാല്‍ അത് ഇങ്ങനെയൊരു അഭിമാന നേട്ടത്തിന് വഴിയൊരുക്കുമെന്ന് ഇവര്‍ കരുതിയില്ല. ഒരു പാട്ട് ഒരു വട്ടം കേട്ടാല്‍ അത് വീണ്ടും കേള്‍ക്കുമ്പോള്‍ വരികള്‍ കൂടെ പാടുകയും, മൃദംഗത്തിന് താളം കൊട്ടുകയും ചെയ്യും മാധവ്. കുട്ടിയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കളാണ് കുട്ടിയുടെ വീഡിയോ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന് അയച്ചത്.






