
പാലക്കാട് വിവാഹ വാഗ്ദാനം നല്കി 42 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. കൊട്ടാരക്കര ഇളമാട് കണ്ണംകോട് ആക്കല്‍ ഷിബു വിലാസം വീട്ടില്‍ ശാലിനി (37) ആണ് പിടിയിലായത്. ഇവര്‍ ഒട്ടേറെ വിവാഹത്തട്ടിപ്പ് കേസില്‍ പ്രതിയാണെന്നും പോലീസ് കണ്ടെത്തി.
53 വയസ്സുകാരനായ കല്പാത്തി സ്വദേശി നല്കിയ പുനര്‍ വിവാഹ പരസ്യം കണ്ട് ഇയാളെ ശാലിനി ഫോണില്‍ ബന്ധപ്പെടുകയാണ് ഉണ്ടായത്. മധ്യപ്രദേശില്‍ ജോലി ചെയ്യുകയാണെന്നും, വിധവയാണെന്നും പറഞ്ഞായിരുന്നു യുവതി ഇയാളുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ജോലി ആവശ്യം പറഞ്ഞ് ഇയാളില്‍ നിന്ന് 42 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. വിവാഹം നിശ്ചയിച്ച ദിവസം വരന് എത്തിയെങ്കിലും യുവതി മുങ്ങുകയായിരുന്നു. ഇതോടെ ഇയാള്‍ പോലീസില്‍ പരാതി നല്കി .
കേസില്‍ ശാലിനിയും ഭര്‍ത്താവായ അമ്പലപളളിയാലില് സരിന്‍കുമാറും പിടിയിലായി. ഇരുവരും ചേര്‍ന്നാണ് തട്ടിപ്പു നടത്തിയതെന്നാണ് വിവരം. എറണാകുളത്തു നിന്നാണ് യുവതി അറസ്റ്റിലായത്. കണ്ണൂര്‍ സ്വദേശിയില്‍ നിന്നും സമാനമായി 5 ലക്ഷം രൂപയോളം കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം. കോടതിയില്‍ ഹാജറായ പ്രതിയെ പോലീസ് റിമാന്‍ഡ് ചെയ്തു.






