
ജലജീവികളിലെ ഏറ്റവും വലിയ അക്രമകാരിയും അപകടകാരിയുമാണ് മുതലകള്‍.വെള്ളത്തില്‍ ഇവയുടെ സാന്നിധ്യം കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. കൈയ്യില്‍ അകപ്പെട്ടാല്‍ ജീവനോടെ രക്ഷപ്പെടുക അസാധ്യമാണ്. കഴിഞ്ഞ ദിവസം ഒരു ഫിലിപ്പിനോ സ്വദേശിക്കുണ്ടായ ദുരനുഭവം ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. മീന്‍ പിടിക്കാന്‍ പുഴയില്‍ ഇറങ്ങിയ യുവാവിനെ സുഹൃത്തുക്കള്‍ നോക്കി നില്‍ക്കെ മുതല ജീവനോടെ വിഴുങ്ങിയിരിക്കുകയാണ്.ഫിലിപ്പിനോ സ്വദേശിയായ ഫാംഹാന്‍ഡ് മാര്വിന് സൂസ എന്ന 36 കാരനാണ് മുതലയുടെ അപ്രതീക്ഷിത ആക്രമണത്തിന് ഇരയായത്.
ജനുവരി 29 ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. ഏഴോളം സുഹുത്തക്കളോടൊപ്പം മലേഷ്യയിലെ സബയിലെ സെമ്പോര്‍ണ സിറ്റിയിലെ പെഗാഗൗ ഫാം ഏരിയയില്‍ മത്സ്യബന്ധനം നടത്തുന്നനിടയിലാണ് യുവാവിനെ മുതല പിടികൂടിയത്. സുഹൃത്തുക്കള്‍ക്ക് മുന്നില്‍ വച്ചാണ് അപകടം ഉണ്ടായതെങ്കിലും ഇവര്‍ക്ക് ഇയാളെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. മീന്‍ പിടിക്കുന്നതിനായി പുഴയിലേക്ക് എറിഞ്ഞ ചൂണ്ടയില്‍ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മാര്വിന് അത് പരിശോധിക്കാന്‍ പുഴയ്ക്കരികിലേക്ക് ചെന്നത്. ഈ സമയം അപ്രതീക്ഷിതമായി വെള്ളത്തിനടയില്‍ നിന്ന് മുതല പൊങ്ങിവരുകയും മാര്‍വിന്റെ കാലില്‍ പിടിച്ച് വലിച്ച് അതിവേഗം തന്നെ വെള്ളത്തിനടിയിലേക്ക് മുങ്ങുകയും ആയിരുന്നു. ഇത് കണ്ട് സുഹുത്തുക്കള്‍ രക്ഷിക്കാനായി ഓടി വന്നെങ്കിലും അതിന് മുന്നേ തന്നെ യുവാവ് മുതലയുടെ കൈയ്യില്‍ അകപ്പെട്ടിരുന്നു.
മാര്‍വിന്റെ ശരീരം കണ്ടെത്താനായി രക്ഷാപ്രവര്‍ത്തകര്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ശരീരമോ കൊലയാളിയായ മുതലയേയോ കണ്ടത്താന്‍ ഇവര്‍ക്കു കഴിഞ്ഞില്ല. രണ്ട് ദിവസത്തോളമായി തിരച്ചില്‍ തുടരുകയാണ്. ഈ സംഭവത്തെത്തുടര്‍ന്ന് പുഴയില്‍ ഇറങ്ങുന്നതും പുഴയോര ഭാഗങ്ങളില്‍ എത്തുന്നതും അധികൃതര്‍ കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്.






