
കണ്ണൂര്‍ : ആശുപത്രിയിലേക്കുള്ള വഴിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി യുവ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയില്‍ കുടുംബം. കാര്‍ പൂര്‍ണ്ണമായി കത്തി നശിച്ചിട്ടും അതിനുള്ളില്‍ നിന്നും പൂര്‍ണ്ണമായി കത്തി നശിക്കാത്ത പ്ലാസ്റ്റിക്ക് കുപ്പി കിട്ടിയെന്നും അതില്‍ ഏതോ ഇന്ധനത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുമാണ് ആശങ്കകള്‍ക്ക് കാരണം. ഈ വിഷയവും അതിലെ ആശങ്കകളെ പറ്റിയും മരിച്ച റീഷയുടെ പിതാവ് വിശ്വനാഥന് മാധ്യമ പ്രവര്‍ത്തകരോടും വീട്ടില്‍ വന്ന പാര്‍ട്ടിക്കാരോടും പറഞ്ഞിരുന്നു.
ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള നഷ്ട പരിഹാര കേസിന് പുറമേ കാര്‍ കമ്പനിക്കെതിരേയും കേസ് വരും. അത് കൊണ്ട് സാങ്കേതിക തകരാര്‍ മൂലമല്ല തകരാര്‍ എന്ന് വരുത്തിതീര്‍ക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നോയെന്ന് സംശയിക്കുന്നതായി കുടുംബം ആശങ്ക അറിയിക്കുന്നു.






