
കൊച്ചി: എറണാകുളം മരടില്‍ രണ്ട് കണ്ടെയ്നര്‍ പഴകിയ മീന്‍ പിടിച്ചെടുത്തു. മറാഡ് സൈഡില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ നഗരസഭ അധികൃതരെ വിവരം അറിയിക്കുകയും അധികൃതര്‍ എത്തി തുറന്നുപരിശോധിച്ചപ്പോഴാണ് അഴുകി, പുഴുവരിച്ച നിലയില്‍ മീന്‍ കണ്ടെത്തിയത്.
ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തുകയാണ്. മീനിന് എത്ര ദിവസം പഴക്കമുണ്ടെന്ന് അതിനു ശേഷമേ സ്ഥിരീകരിക്കാനാവൂ. മീനിനു 1ഃ1 എന്ന നിലയില്‍ ഐസ് വേണമെന്നാണ് ചട്ടം. എന്നാല്‍ ശരിയായ രീതിയില്‍ ഐസ് ഇട്ടിട്ടില്ലെന്നും ഫ്രീസര്‍ വാഹനമല്ലെന്നും ഭക്ഷ്യ വകുപ്പ് അധികൃതര്‍ അറിയിച്ചൂ.
64 ബോക്സുകള്‍ ഇതുവരെ എണ്ണിത്തിട്ടപ്പെടുത്തി. അതില്‍ 55 എണ്ണത്തിലും പഴകിയ മീനുകളാണ്. വളര്‍ത്തുമത്സ്യങ്ങളായ പിരാന, രോഹു ഇനത്തില്‍ പെട്ട മീനുകളാണ് കണ്ടെത്തിയത്. ഇവ അന്യസംസ്ഥാനത്തുനിന്ന് വന്നവയാണ്. ഏത് സംസ്ഥാനത്തുനിന്നാണെന്ന് സ്ഥിരീകരിക്കാന്‍ വാഹനത്തിന്റെ രേഖകളും പരിശോധിക്കുന്നുണ്ട്.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഹൈവേയില്‍ എത്തിക്കുന്ന മീനുകള്‍ ചെറിയ വാഹനങ്ങളിലേക്ക് മാറ്റി വില്‍പ്പനയ്ക്ക് കൊണ്ടുപോകുകയാണ് പതിവ്. അത്തരത്തില്‍ കൊച്ചിയില്‍ ഏതെങ്കിലും വാഹനത്തില്‍ മീന്‍ കൊണ്ടുപോയിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.






