
ചെന്നൈ: ദക്ഷിണേന്ത്യന്‍ തീരങ്ങളെ ഞെട്ടിച്ച മുന്നേറിയ വര്‍ദാ ചുഴലിക്കാറ്റ് തമിഴ്നാട്ടില്‍ വിതച്ചത് വന്‍ നാശനഷ്ടം. കാറ്റും മഴയും ശാന്തമായി ചെന്നൈ നഗരം സാധാരണ നിലയായതിന് പിന്നാലെ പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത്. 16 പേര്‍ക്ക് ജീവന് നഷ്ടമാകുകയും തീരദേശ ജില്ലകളെ ഇളക്കിമറിക്കുകയും ചെയ്ത വര്‍ദയില്‍ കടപുഴകി വീണത് 12,000 മരങ്ങളും 10,000 വൈദ്യൂത പോസ്റ്റുകളും. 450 ട്രാന്‍സ്ഫോമറുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും 230 കിലോ വോള്‍ട്ടിന്റെ വൈദ്യൂത ടവറുകളും താറുമാറായതായിട്ടാണ് വിവരം.
മൂന്ന് ജില്ലകളിലായി 1,388 കുടിലുകള്‍ തകരുകയും 5,739 കുടിലുകള്‍ ഭാഗീകമായി കേടുപാടുകള്‍ പറ്റുകയും ചെയ്തു. ഓരോ കുടുംബത്തിനും നാലു ലക്ഷം രുപ വീതമാണ് മുഖ്യമന്ത്രി പനീര്‍ ശെല്‍വം നഷ്ടപരിഹാരം അനുവദിച്ചത്്. 104 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത് 13,578 പേരെയായിരുന്നു. ചെന്നൈ നഗരത്തില്‍ മാത്രം 3,845 മരങ്ങള്‍ വീണതായിട്ടാണ് റിപ്പോര്‍ട്ട്. ഗതാഗത തടസ്സം ഒഴിവാക്കാനായി ഇതിനകം 1,974 മരങ്ങള്‍ വഴിയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്്.
വീണ മരങ്ങള്‍ നീക്കം ചെയ്യാനും വൃത്തിയാക്കല്‍ ജോലിക്കുമായി 8,400 പേരെയാണ് നിയോഗിച്ചിരിക്കുന്നത്. തടി കയറ്റാനും മറ്റും 400 ലോറികളുണ്ട്്. ചെന്നൈയിലെ 500 ജീവനക്കാര്‍ക്ക് പുറമേ 1,300 ശുചീകരണ തൊഴിലാളികളെ കൂടി മറ്റിടങ്ങളില്‍ നിന്നും നിയോഗിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിനായി 150 ആരോഗ്യ ടീമുകളും 119 ആംബുലന്‍സും ജാഗരൂകരാണ്. പാല് വിതരണത്തിന് മാത്രമാണ് കാര്യമായ തടസ്സം ഉണ്ടാകാതിരുന്നത്. ചൊവ്വാഴ്ച 7.5 ലക്ഷം ലിറ്റര്‍ പാലാണ് ഉപഭോക്താക്കളില്‍ എത്തിയത്.
ചുഴലിക്കാറ്റിന് ഇരയായ പ്രധാന കേന്ദ്രങ്ങളില്‍ ഒന്ന് മറീനാ ബീച്ചായിരുന്നു. ഇവിടുത്തെ 75 ശതമാനം കടകള്‍ക്കും നാശനഷ്ടമുണ്ടായി. 20 കടകള്‍ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ തകര്‍ന്നു. വാന്ഡലൂര് കാഴ്ചബംഗ്ളാവില്‍ മാത്രം പത്തു കോടിയുടെ നഷ്ടം രേഖപ്പെടുത്തി. 30 വര്‍ഷത്തിലധികം പഴക്കമുള്ളത് ഉള്‍പ്പെടെ അനേകം മരങ്ങള്‍ കാറ്റില്‍ വീണു.






