
തിരുവനന്തപുരം: ഇന്ധന സെസിലും നികുതി, വെള്ളക്കരം വര്‍ധനയിലും നിയമസഭയിലും പുറത്തും സമരപരമ്പരയുമായി പ്രതിപക്ഷം. നിയമസഭാ കവാടത്തില്‍ നാല് യു.ഡി.എഫ്. ജനപ്രതിനിധികള്‍ അനിശ്ചിതകാല നിരാഹാരസത്യഗ്രഹത്തില്‍. നിയമസഭാ മാര്‍ച്ചില്‍ ബൈക്ക് അഗ്നിക്കിരയാക്കി യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
ബജറ്റിലെ ജനവിരുദ്ധ പ്രഖ്യാപനങ്ങള്‍ക്കെതിരേ നിയമസഭാ കവാടത്തില്‍ ഷാഫി പറമ്പില്‍, സി.ആര്. മഹേഷ്, മാത്യു കുഴല്നാടന്, നജീബ് കാന്തപുരം എന്നീ യു.ഡി.എഫ്. എല്‍.എല്‍.എമാരാണ് അനിശ്ചിതകാല സമരം തുടങ്ങിയത്. പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായാണ് ഇന്നലെ നിയമസഭയില്‍ എത്തിയത്. സഭയില്‍ പ്ലക്കാര്‍ഡുകള്‍ പാടില്ലെന്നും ചട്ടവിരുദ്ധമാണെന്നും അറിയിച്ച സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ചോദ്യോത്തരവേളയില്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചു. ഇതിനു വഴങ്ങാതെ സഭാകവാടത്തില്‍ സത്യഗ്രഹം ആരംഭിക്കുകയാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പ്രഖ്യാപിച്ചു. പിന്നാലെ പ്രതിപക്ഷം ഇറങ്ങിപ്പോയി. തീവെട്ടിക്കൊള്ളയ്ക്കാണു സര്‍ക്കാര്‍ ശ്രമമെന്ന് ഇറങ്ങിപ്പോക്കിനുമുമ്പ് സതീശന് ആരോപിച്ചൂ.
ഇന്ധന സെസിനെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ചില്‍ െബെക്ക് സഭാ കവാടത്തില്‍ കത്തിച്ചാണ് പ്രതിഷേധം ആളിക്കത്തിച്ചത്. ജലപീരങ്കിയുപയോഗിച്ച് പോലീസ് തീകെടുത്തിയതിനാല്‍ അപകടമുണ്ടായില്ല. ബാരിക്കേഡുകള്‍ തള്ളിമാറ്റാനാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ് തടഞ്ഞു. പിരിഞ്ഞുപോകാന്‍ തയാറാകാതിരുന്ന പ്രവര്‍ത്തകര്‍ക്കുനേരേ ജലപീരങ്കി പ്രയോഗിച്ചു.
മഹാപ്രളയത്തിനും കോവിഡ്മഹാമാരിക്കും ശേഷം ജനത്തിനുമേല്‍ പെയ്തിറങ്ങിയ ജനദ്രോഹ ബജറ്റിനെതിരേ പ്രതിഷേധം ശക്തമാക്കുമെന്നു മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രഖ്യാപിച്ചു. ഇന്ധനനികുതിയില്‍ കേന്ദ്രത്തിനെതിരേ സമരം നടത്തിയവരാണ് ഇടതുപക്ഷം. നിയമസഭയില്‍ അഞ്ചു മിനിറ്റ് സംസാരിച്ചാല്‍ നികുതി ചുമത്തുമോയെന്ന് ബജറ്റ് രേഖകള്‍ വായിച്ചാലേ അറിയാന്‍ കഴിയൂവെന്നും സതീശന് പരിഹസിച്ചു. ഇന്ന് സെക്രട്ടേറിയറ്റിലേക്കും എല്ലാ കലക്ടറേറ്റുകളിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. ജില്ലാ കേന്ദ്രങ്ങളില്‍ 13 ന് രാപകല്‍ സമരവും ആസൂത്രണം ചെയ്തിട്ടുണ്ട്.






