ഭൂകമ്പത്തില്‍ തുര്‍ക്കിയിലെ പ്രധാനനഗരങ്ങള്‍ തുടച്ചു നീക്കപ്പെട്ടു ; വിമാനത്താവളത്തിലെ റണ്‍വേ രണ്ടായി പിളര്‍ന്നു
ഭൂകമ്പത്തില്‍ തുര്‍ക്കിയിലെ പ്രധാനനഗരങ്ങള്‍ തുടച്ചു നീക്കപ്പെട്ടു ; വിമാനത്താവളത്തിലെ റണ്‍വേ രണ്ടായി പിളര്‍ന്നു
Authored by Web Desk | Last updated: 07 Feb 2023, 10:23 AM | 1 min read
ഇസ്താംബൂള്‍: തുര്‍ക്കിയിലും സിറിയയിലുമായി ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ കനത്ത നാശം. 3800 പേരുടെ ജീവന് നഷ്ടമാക്കിയ ഭൂകമ്പത്തിലും തുടര്‍ചലനങ്ങളിലുമായി തുര്‍ക്കിയിലെ പ്രധാനനഗരങ്ങള്‍ തുടച്ചു നീക്കപ്പെട്ടു. ഭൂകമ്പത്തിന്റെ ശക്തിയില്‍ ഉണ്ടായ വിള്ളല്‍ തുര്‍ക്കിയിലെ ഹാത്തി പ്രവിശ്യയിലെ വിമാനത്താവളത്തിലെ ഏക റണ്‍വേയെ രണ്ടാക്കി.
റണ്‍വേയുടെ ഇടതുഭാഗം ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. തകര്‍ന്ന റണ്‍വേയുടെ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രണ്ടായി വിണ്ടുകീറിയ റണ്‍വേയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
പത്തുവര്‍ഷത്തിനിടയില്‍ തുര്‍ക്കിയില്‍ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ്. ആദ്യമുണ്ടായ ചലനം രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും ശക്തിയേറിയതായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 12 മണിക്കൂറിന് ശേഷം കഹ്റാമാന്‍ മാരാസിലെ എല്ബിസ്റ്റണ് പ്രഭാകേന്ദ്രമായി കണക്കാക്കുന്ന രണ്ടാം ചലനം 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്.
അതേസമയം രണ്ടാം ചലനത്തിനെ തുടര്‍ചലനമായി വിലയിരുത്താനാകില്ല എന്നാണ് തുര്‍ക്കി ദുരന്തനിവാരണസേന പറയുന്നത്. ആയിരക്കണക്കിന് കെട്ടിടങ്ങളാണ് തകര്‍ന്ന് വീണത്. 2000 വര്‍ഷമായി തുര്‍ക്കിയിലെ ചരിത്രസ്മാരകമായി നില നില്ക്കുന്ന ഗസിയാന്റെപ് കാസില്‍ തകര്‍ന്ന കെട്ടിടങ്ങളില്‍ പ്രധാനപ്പെട്ടതാണ്. തുര്‍ക്കിയിലെ ഊര്‍ജ്ജവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം ഭൂകമ്പത്തില്‍ തകര്‍ന്നു. ദക്ഷിണ തുര്‍ക്കിയില്‍ തീപ്പിടുത്തവുമുണ്ടായി.
10 മണിക്കൂറിനിടയില്‍ 50 തുടര്‍ചലനങ്ങളെങ്കിലും സംഭവിച്ചിരിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. വരും ദിവസങ്ങളിലും തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. ഭൂകമ്പത്തിന് തൊട്ടുപിന്നാലെ യൂറോപ്യന്‍ യൂണിയന് സുരക്ഷാ രക്ഷാ ടീമുകളെ തുര്‍ക്കിയിലേക്ക് അയച്ചു. നെതര്‍ലന്റ്, റുമാനിയ എന്നിവിടങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരും സ്ഥലത്തുണ്ട്. കനത്തമഞ്ഞുവീഴ്ച രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുരിതമാകുകയാണ്.
രക്ഷാദൗത്യവുമായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനവും തുര്‍ക്കിയിലേക്ക് പോയിട്ടുണ്ട്. ജര്‍മ്മനി, ഫ്രാന്‍സ്, ഇസ്രായേല്‍, അമേരിക്ക രാജ്യങ്ങളും ടീമുകളെ അയയ്ക്കും. റഷ്യയും ഇറാനും തുര്‍ക്കിക്കും സിറിയയ്ക്കും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം കണക്കാക്കിയിരിക്കുന്നത് 4000 കടന്നെന്നാണ്. മരണസംഖ്യ ഇനിയൂം ഉയരുമെന്നാണ് വിവരം.