
ഡമാസ്ക്കസ്: ഭൂകമ്പം തുര്‍ക്കിയിലും സിറിയയിലുമായി 8,300 പേരാണ് മരണമടഞ്ഞത്. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടുപോയവരെ രക്ഷിക്കാനുള്ള കഠിന പ്രയത്നത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. എന്നിരുന്നാലു അസാധാരണമായ അനേകം കാര്യങ്ങളും ഉണ്ടാകുന്നുണ്ട്.
സിറിയയില്‍ പൊക്കിള്‍ക്കൊടിയോടെ നവജാത ശിശുവിനെ കല്ലിനും മണ്ണിനും ഇടയില്‍ നിന്നും സുരക്ഷിതമായി പുറത്തെടുത്തു. കുഞ്ഞിന്റെ അമ്മ മരിച്ചിരുന്നു. ഇതിന് പിന്നാലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുന്ന ഏഴുവയസ്സുകാരിയായ പെണ്‍കുട്ടിയുടേയും അവളുടെ അനുജന്റെയും ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്. കൂറ്റന്‍ കോണ്‍ക്രീറ്റ് പാളിക്ക് കീഴില്‍ അനുജന്റെ തലയ്ക്ക് പരുക്കേല്‍ക്കാത്തവിധം തന്റെ കൈകള്‍കൊണ്ട് അവന്റെ തല പൊതിഞ്ഞു കിടക്കുന്ന ഏഴൂവയസ്സുകാരി. അനുപമമായ സാഹോദര്യസ്നേഹത്തിന്റെ ഈ ചിത്രം സാമൂഹ്യമാധ്യമ ഉപഭോക്താക്കളായ അനേകരുടെ കണ്ണുകളാണ് നിറച്ചത്.
അനേകം തവണ ഷെയര്‍ ചെയ്യപ്പെട്ട ചിത്രത്തില്‍ ഉള്‍പ്പെട്ട സഹോദരിയേയും സഹോദരനേയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. അതേസമയം ഇവരുടെ കുടുംബാംഗങ്ങളെല്ലാം ദുരന്തത്തിനിരയായി. യുഎന്‍ പ്രതിനിധി മൊഹമ്മദ് സഫയാണ് ചിത്രം ഷെയര്‍ ചെയ്തത്. 17 മണിക്കൂറുകളാണ് കൂറ്റാന്‍ കോണ്‍ക്രീറ്റ് പാളിക്ക് കീഴില്‍ ഈ സഹോദരനും സഹോദരിയും കിടന്നത്.
അവളുടെ സ്നേഹം കണ്ടു വിതുമ്പിപ്പോയെന്നും അവള് ഒരു കുട്ടിഹീറോയാണെന്നും അവളെ ദൈവം കൈവിടില്ലെന്നും മറ്റും പെണ്‍കുട്ടിയുടെ ധൈര്യത്തെയും സ്നേഹത്തെയും പുകഴ്ത്തി വൈകാരികമായ അനേകം കുറിപ്പുകളാണ് പ്രത്യക്ഷപ്പെടുന്നത്. കടുത്ത സമ്മര്‍ദ്ദമേറിയ ഭീതിദമായ സാഹചര്യത്തിലും അനുജനെ സംരക്ഷിക്കുന്ന മഹാമനസ്ക്കയായ ചേച്ചി എന്നും മറ്റുമാണ് കമന്റുകള്‍. ഇപ്പോഴും അനേകരാണ് ഈ രീതിയില്‍ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ വിശ്രമമില്ലാതെ പണിയെടുക്കുകയാണ്.
അമേരിച്ച, ചൈന, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി അനേകരാണ് ഇരു രാജ്യങ്ങള്‍ക്കും സഹായഹസ്തം വാഗ്ദാനം ചെയ്ത് രംഗത്ത് വന്നിരിക്കുന്നത്. സേര്‍ച്ച് ടീമുകളെയും ദുരിതാശ്വാസവുമെല്ലാം സിറിയയിലേക്കും തുര്‍ക്കിയിലേക്കും അയച്ചിരിക്കുന്നത് അനേകം രാജ്യങ്ങളാണ്. ഇത് മൂന്നാം തവണയാണ് തുര്‍ക്കിയില്‍ ഭൂകമ്പം വലിയ ദുരന്തമുണ്ടാക്കുന്നത്. 1939 ല്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ 33,000 പേര് മരണപ്പെട്ടിരുന്നു. 1999 ല്‍ റിക്ടര്‍ സ്കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 17,000 പേര് മരണമടഞ്ഞിരുന്നു.
വന്‍ ജനസംഖ്യയുള്ള ഇസ്താംബൂളില്‍ 16 ദശലക്ഷം ആള്‍ക്കാരാണ് അടുത്തടുത്ത് വീടുകളും കൂറ്റന്‍ കെട്ടിടങ്ങളും വെച്ച് കഴിയുന്നത്. ഭൂകമ്പമോ മറ്റോ ഉണ്ടായാല്‍ ഇസ്താംബൂള്‍ തവിടു പൊടിയാകുമെന്ന് നേരത്തെ തന്നെ പരിസ്ഥിതി ശാസ്ത്രജ്ഞന്മാര് മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ്. ഭൂകമ്പത്തിനൊപ്പം അസ്ഥിമരവിപ്പിക്കുന്ന തണുപ്പും തുര്‍ക്കിയിലെ സ്ഥിതി കൂടുതല്‍ ദുരിതമാക്കിയിട്ടുണ്ട്.






