
റിയാദ്: ഫുട്ബോള്‍ രാജാവിന്റെ രാജകീയമായ തിരിച്ചുവരവില്‍ സൗദി ക്ലബ്ബ് അല്‍ നസറിന് തകര്‍പ്പന്‍ ജയം. സൗദി അറേബ്യന്‍ ലീഗില്‍ അല്‍ വെഹ്ദയ്ക്കെതിരേ തകര്‍പ്പന്‍ കളി കെട്ടഴിച്ച ഫുട്ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ കഴിഞ്ഞ മത്സരത്തില്‍ അടിച്ചുകൂട്ടിയത് നാലു ഗോളുകള്‍. ഈ ഗോള്‍നേട്ടത്തോടെ ലോകത്തെ വിവിധ ലീഗികളില് റോണോയ്ക്ക് 500 ഗോളുകളായി.
താരത്തിന്റെ ലീഗ് ഗോള്‍നേട്ടം 503 ലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. ലോകത്തുടനീളമായി അഞ്ചു ലീഗുകളില്‍ അഞ്ചു ക്ലബ്ബുകള്‍ക്ക് വേണ്ടിയാണ് താരം 500 ഗോളുകള്‍ തികച്ചത്. സ്പോര്‍ട്ടിംഗ് ലിസ്ബണില്‍ കളി തുടങ്ങിയ റോണോ അവര്‍ക്കായി മൂന്ന് ഗോളുകളാണ് നേടിയത്. തൊട്ടുപിന്നാലെ പ്രീമിയര്‍ ലീഗില്‍ എത്തിയ താരം അവിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി രണ്ടു സ്പെല്ലുകിലായി 103 ഗോളുകള്‍ കുറിച്ചു.
സ്പാനിഷ് ലീഗില്‍ റയലിനായി റോണോ അടിച്ചുകൂട്ടിയത് 311 ഗോളുകളായിരുന്നു. ഇറ്റാലിയന്‍ സീരി എ യില്‍ യുവന്റസിന്റെ താരമായിരുന്ന ക്രിസ്ത്യാനോ 81 ഗോളുകളും നേടി. ലോകകപ്പിന് തൊട്ടുപിന്നാലെ എത്തിയ സൗദി ലീഗില്‍ അല്‍ നസറിന് വേണ്ടി താരത്തിന്റെ ഗോള്‍നേട്ടം അഞ്ചായി. വ്യാഴാഴ്ച കളിയുടെ 21 ാം മിനിറ്റില്‍ തന്റെ ഇടംകാല് കൊണ്ട് താരം ഗോള്‍ നേടിയതോടെയാണ് ഗോള്‍നേട്ടം 500 ആയത്.
ഇടവേയ്ക്ക് തൊട്ടുമുമ്പ് തന്റെ രണ്ടാം ഗോളും കണ്ടെത്തിയ റൊണാള്‍ഡോ രണ്ടാം പകുതി എട്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഹാട്രിക് നേടി. കളി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഒരു റീ ബൗണ്ട് വലയില്‍ എത്തിച്ച് നാലാം ഗോളും നേടി. കരിയറില്‍ 61 ാമത്തെ ഹാട്രിക്കായിരുന്നു ക്രിസ്ത്യാനോ കുറിച്ചത്. 38 ാം പിറന്നാള്‍ ആഘോഷിച്ചതിന് തൊട്ടുപിന്നാലെയാണ് താരം ഹാട്രിക്കും നേടി പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ചത്.






