
‘എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ... നല്ല പാട്ടുകാരാ...’’ എന്ന് പാടിയ തട്ടമിട്ട സുന്ദരിയെ മലയാളികള്‍ മറന്നു കാണാനിടയില്ല. ക്ലാസ്മേറ്റ്സ് എന്ന ലാല്‍ ജോസ് ചിത്രമിറങ്ങിയിട്ട് വര്‍ഷം 17 കഴിഞ്ഞെങ്കിലും റസിയയെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച രാധികയ്ക്ക് ഇന്നും മധുരപതിനേഴിന്റെ മൊഞ്ചാണ്. ഇന്നും ആ റസിയയെ മനസ്സില്‍ സൂക്ഷിക്കുന്നതു കൊണ്ടാണ് തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ രാധിക റസിയ എന്ന പേരു കൂടി ഒപ്പം ചേര്‍ത്തിരിക്കുന്നത്. വിവാഹശേഷം ദുബായിലേക്ക് ചേക്കേറിയ രാധിക ചെറിയൊരു ഇടവേളയ്ക്കു ശേഷം മഞ്ജുവാര്യര്‍ ചിത്രമായ ‘ആയിഷ’യിലെ നിഷ എന്ന കഥാപാത്രത്തിലൂടെ വീണ്ടും മലയാള സിനിമാപ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. പുതിയ വിശേഷങ്ങളും പഴയ ഓര്‍മ്മകളുമായി രാധിക മംഗളം ഓണ്‍ലൈനില്‍ ചേരുന്നു....
ഇടവേളയ്ക്കു ശേഷമെത്തിയ ആയിഷയിലെ നിഷ
സിനിമയില്‍ വലിയൊരു ഇടവേള വന്നു എന്നു തന്നെ പറയാം. അതുപക്ഷേ മനഃപൂര്‍വ്വമായിരുന്നില്ല. ഇത്രനാളും ഒരു സിനിമയ്ക്കും വേണ്ടി കാത്തിരുന്നിട്ടില്ല. ഇനി സിനിമ ചെയ്യില്ല എന്നൊന്നും പറഞ്ഞിട്ടുമില്ല. എന്നെത്തേടിയെത്തുന്ന സിനിമകളില്‍ ഞാന്‍ ചെയ്യണമെന്ന് അവര്‍ പറയുന്ന കഥാപാത്രങ്ങളോട് ഇഷ്ടവും അടുപ്പവും തോന്നിയാല്‍ ഞാന്‍ ഒകെ പറഞ്ഞിട്ടുമുണ്ട്. ആയിഷ എന്ന സിനിമയും നിഷയെന്ന കഥാപാത്രവും വളരെ അവിചാരിതമായി എന്നെത്തേടി വന്നതാണ്. എനിക്ക് കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടു. അതുകൊണ്ട് ചെയ്തു.
ആയിഷയിലെ ആദ്യ ഷോട്ട്
ഈ സിനിമയിലെ ആദ്യ ഷോട്ടില്‍ ഇത്തിരി ടെന്‍ഷനുണ്ടായിരുന്നു . അതിപ്പോള്‍ ആയിഷ എന്നു മാത്രമല്ല ഏതു സിനിമയില്‍ ജോയിന്‍ ചെയ്യുമ്പോഴും ആ ടെന്‍ഷന്‍ ഉണ്ടാകും. ആ ഒരു കഥാപാത്രമായി മാറുന്നതു വരെ, അല്ലെങ്കില്‍ ആ സിനിമയിലെ ക്രൂവുമായി അടുപ്പം തോന്നുന്നതു വരെയുള്ള സമയം അത് ഏതു സിനിമയിലും ഉണ്ടാകും. സത്യത്തില്‍ ആയിഷയെ സംബന്ധിച്ച് ക്രൂവുമായിട്ടുള്ള സൗഹൃദം പെട്ടെന്നു തന്നെ വന്നുവെന്ന് പറയാം. ഒരുവിധമുള്ള സഹതാരങ്ങളുമായി പെട്ടെന്നു തന്നെ ഒരു മാനസിക അടുപ്പമുണ്ടായി. ലൊക്കേഷന്‍ ഭയങ്കര ഫണ്ഫില്ഡായിരുന്നു, കംഫര്‍ട്ടബിളായിരുന്നു, ടെന്‍ഷന്‍ ഫ്രീ ആയിരുന്നു.
മഞ്ജുചേച്ചിയും ഞാനും തമ്മില്‍
മഞ്ജുചേച്ചിയുടെ ആദ്യ സിനിമ മുതലേ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പക്ഷേ മഞ്ജുചേച്ചി സിനിമയില്‍ ഉണ്ടായിരുന്ന സമയത്തും, പിന്നീട് ഞാന്‍ സിനിമയില്‍ വന്ന സമയത്തും തമ്മിലൊരു പരിചയപ്പെടല്‍ ഉണ്ടായിട്ടില്ല. മഞ്ജുചേച്ചി സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സമയത്താണ് ഞാന്‍ സിനിമയില്‍ സജീവമാകുന്നത്. കൂടുതല്‍ സമയം ചെലവഴിക്കാനോ ദീര്‍ഘമായൊരു സൗഹൃദത്തിനോ അന്ന് സമയം കിട്ടിയിരുന്നില്ല. മഞ്ജുചേച്ചിക്കൊപ്പം ആയിഷയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയൊരു സന്തോഷമാണ്. വലിയൊരു സ്ക്രീന്‍സ്പേസ് ചേച്ചിക്കൊപ്പം പങ്കിടാന്‍ കഴിഞ്ഞു. സിനിമയിലല്ലാതെ കൂടുതല്‍ സമയം സംസാരിക്കാനും വിശേഷങ്ങള്‍ പങ്കിടാനുമൊക്കെ ആയിഷ സഹായിച്ചു. അതൊരു വലിയ ആഗ്രഹം തന്നെയായിരുന്നു. മഞ്ജുചേച്ചി അന്നുമിന്നും എന്റെ ഫേവറൈറ്റ് തന്നെയാണ്.
അന്നും ഇന്നും എന്നും സിനിമയോടാണ് ഇഷ്ടം
എനിക്ക് ഓര്‍മ്മ വച്ച കാലം മുതല്‍, സിനിമയെ ഇഷ്ടപ്പെട്ടു തുടങ്ങിയ കാലം മുതല്‍ എന്റെയിഷ്ടങ്ങളിലൊന്നാണ്. അതിപ്പോള്‍ മലയാള സിനിമ എന്നല്ല, എന്നെ കംഫര്‍ട്ടാക്കുന്ന എല്ലാ ഭാഷയിലുള്ള സിനിമകളും ഞാന്‍ കാണാറുണ്ട്. ഇടവേളയെടുത്ത സമയമെന്നൊരു പ്രത്യേകത അതിനില്ല. എന്നും സിനിമകള്‍ കാണാറുണ്ട്. സിനിമാമേഖലയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടോ എന്ന് ആധികാരികമായി പറയാന്‍ എനിക്കറിയില്ല. ടെക്നിക്കല്‍ വശവും വലിയ അറിവില്ല. എങ്കിലും ഒരുപാട് പുതുമുഖങ്ങള്‍ അഭിനേതാക്കളായും അണിയറയിലും വന്നിട്ടുണ്ട്. വ്യത്യസ്തമായ സിനിമകളും വരുന്നുണ്ട്. ആയിഷ സിനിമാ ലൊക്കേഷനില്‍ അതല്ലാതെ ഒരു വലിയ വ്യത്യാസമൊന്നും എനിക്ക് വ്യക്തിപരമായി തോന്നിയിട്ടില്ല.
ജീവിതത്തിന്റെ ഭാഗമായി മാറിയ സിനിമ
ഇത്രയും നല്ല താരങ്ങള്‍ ജീവിച്ച ഒരു കാലഘട്ടത്തിലാണ് ഞാനും സിനിമയെ ഇഷ്ടപ്പെട്ടു തുടങ്ങിയതെന്ന് ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നാറുണ്ട്. എനിക്കാണെങ്കില്‍ കുഞ്ഞുനാള് മുതല്‍ സിനിമ വലിയൊരു ഇഷ്ടം തന്നെയായിരുന്നു. ജനിച്ചതും വളർന്നതുമൊക്കെ ചേർത്തലയിലാണ്. വീട്ടിൽ കലാപാരമ്പര്യമൊന്നുമില്ലായിരുന്നു, എങ്കിലും രണ്ടാം ക്ലാസു മുതല്‍ ഞാന്‍ ശാസ്ത്രീയ നൃത്തം അഭ്യസിച്ചിരുന്നു. സബ് ജില്ലാ തലത്തില്‍ കലാതിലകവുമായിട്ടുണ്ട്. പ്രഗല്ഭരായ ഒരുപാട് അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് സ്ക്രീനില്‍ കണ്ട് കണ്ട് ഇഷ്ടം പതിയെ കൂടിക്കൂടി വന്നു. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വളരെ അവിചാരിതമായി വിയറ്റ്നാം കോളനിയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന മുരളികൃഷ്ണ ‘അഭിനയിക്കാന്‍ താത്പര്യമുണ്ടോ’ എന്ന് വീട്ടില്‍ ചോദിച്ചത്. അതിലൂടെ ലാലേട്ടന്റെ സഹോദരിയുടെ മകളായി ആദ്യം വെള്ളിത്തിരയുടെ ഭാഗമായി. പിന്നീട് അവസരങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അങ്ങനെ സിനിമകളൊന്നും ചെയ്തിട്ടില്ല. അതുകഴിഞ്ഞ് കുറച്ചു പ്രായമെത്തിയ ശേഷം പരസ്യചിത്രങ്ങളും മോഡലിംഗും മ്യൂസിക് ആല്‍ബങ്ങളും തേടി വരാന്‍ തുടങ്ങി. അവസരങ്ങള്‍ കിട്ടിത്തുടങ്ങിയപ്പോള്‍ ഇഷ്ടവും കൂടി. പിന്നീട് നല്ലതൊക്കെ നോക്കി സെലക്ടീവായി. ഇതെല്ലാം തന്നെ അവിചാരിതമായി ഭാഗ്യം പോലെ എന്നിലേക്ക് വന്നു ചേര്‍ന്നതാണ്. ഒരുപാട് നല്ല കലാകാരന്മാരുടെയൊപ്പവും ആ കാലഘട്ടത്തിലും വെള്ളിത്തിരയുടെ ഭാഗമാകാന്‍ കഴിഞ്ഞു എന്നതില്‍ വലിയ സന്തോഷമുണ്ട്. ഒരു സംവിധായകരുടെയടുത്തും ചാന്‍സ് ചോദിച്ച് പോയിട്ടില്ല. ഒരു കഥാപാത്രം കണ്ട് ഇഷ്ടപ്പെട്ട്, ഒരു സംവിധായകന്റെ സിനിമയില്‍ നിന്ന് മറ്റൊരു സംവിധായകന്റെ സിനിമയിലേക്ക് അങ്ങനെ കിട്ടിയതാണ്. എല്ലാം ദൈവം തന്നതാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.
യുവാക്കളുടെ ക്രഷ് ആയ ഈസ്റ്റ് കോസ്റ്റ് ആൽബങ്ങളിലെ നായിക
വണ്മാന് ഷോ സിനിമ ചെയ്തു കഴിഞ്ഞ സമയത്താണ് മ്യൂസിക് ആല്‍ബത്തിലേക്ക് ക്ഷണം വരുന്നത്. ആ സമയത്ത് മ്യൂസിക് ആല്‍ബങ്ങളുടെ കോണ്‍സെപ്റ്റ് തുടങ്ങുന്ന സമയമാണ്. എനിക്കു തോന്നുന്നു ഞാന്‍ ചെയ്ത ‘മിദാദ്’ എന്ന മ്യൂസിക് ആല്‍ബമാണ് ആദ്യമായി അത്ര വലിയ ഹിറ്റായി മാറിയത്. ഒപ്പനപ്പാട്ട് ചെയ്യാനാണ് വിളിച്ചത്. പാട്ട് ഇഷ്ടമായതു കൊണ്ടും, മണവാട്ടിയായി അണിഞ്ഞൊരുങ്ങി നില്‍ക്കാനുള്ള താത്പര്യം കൊണ്ടും ഒക്കെ പറഞ്ഞു. ‘പാൽനിലാ പുഞ്ചിരി തൂകുമാ സുന്ദരി' എന്ന ഗാനം ഏഷ്യാനെറ്റില്‍ ടെലികാസ്റ്റ് ചെയ്തു, ആ ഗാനം ഹിറ്റായി. പിന്നീട് എല്ലാ ചാനലുകളിലും വന്നുതുടങ്ങി. അതോടെ ഒരുപാട് മ്യൂസിക്ക് ആല്‍ബങ്ങളിലേക്ക് അവസരങ്ങള്‍ കിട്ടിത്തുടങ്ങി. പാട്ടും അഭിനയവും ഒക്കെയിഷ്ടമായതു കൊണ്ട് കുറെയെണ്ണം ചെയ്തിരുന്നു. ഇഷ്ടങ്ങള്‍ കൊണ്ടാണ് അഞ്ചാറെണ്ണം ചെയ്തത്. അതിങ്ങനെ ചാനലുകളില്‍ തുടരെത്തുടരെ വരുന്നതു കൊണ്ട് ഒരുപാട് മ്യൂസിക് ആല്‍ബങ്ങളില്‍ അഭിനയിച്ചു എന്ന് പലരും ചിന്തിച്ചിട്ടുണ്ട്. അതെല്ലാം ദൈവാനുഗ്രഹം പോലെ ഹിറ്റായി, പതിയെ എന്നെ ആല്‍ബം നായിക എന്നു വിളിച്ചു തുടങ്ങി. ഇതിനിടയില്‍ ആഷിഖ് അബുവിന്റെ സംവിധാനത്തിലും ഒരു മ്യൂസിക് ആല്‍ബത്തില്‍ അഭിനയിച്ചു.
ക്ലാസ്മേറ്റ്സ് എന്നും ഫേവറൈറ്റ്
17 വര്‍ഷം മുമ്പിറങ്ങിയ ക്ലാസ്മേറ്റ്സ് എന്ന സിനിമ തരുന്ന മധുരം ചെറുതൊന്നുമല്ല. 65 ദിവസം ഷൂട്ട് നടന്ന ലൊക്കേഷനും, ഞങ്ങള്‍ താമസിച്ച സ്ഥലങ്ങളുമെല്ലാം ഒരുപാട് ഒരുപാട് ഓര്‍മ്മകള്‍ തരുന്നതാണ്. ഇന്നും റസിയ ഒരുപാട് സന്തോഷങ്ങള്‍ തരുന്നു എന്നതാണ് വലിയ സന്തോഷം. ഇപ്പോഴും എന്റെ പേരറിയാതെ ‘റസിയയല്ലേ’ എന്ന് ചോദിച്ച് ആളുകള്‍ വരുന്നു. അതാണ് വലിയ സന്തോഷം. അതിന്റെ ലൊക്കേഷനിലെ ഓരോ നിമിഷവും ഞാന്‍ എന്നും ഓര്‍മ്മകളില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അത്രയ്ക്കും എക്സ്പീരിയന്‍സും സന്തോഷവും ആ സിനിമ തന്നിട്ടണ്ട്. എന്റെ രക്തത്തില്‍ നിന്നും ഒരിക്കലും റസിയ വിട്ടുപോകില്ല.
ഇന്‍സ്റ്റഗ്രാമില്‍ ഇന്നും റസിയയുണ്ട്
ഒരു പബ്ലിക്ക് അക്കൗണ്ട് ഉണ്ടാക്കിയപ്പോള്‍ അതില്‍ ‘റസിയയുടെ ആരെങ്കിലുമാണോ, റസിയയുടെ ചേച്ചിയാണോ, റസിയയുടെ കസിനാണോ, റസിയയുമായി ബന്ധമുണ്ടോ’ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് കൂടുതലായി വന്നത്. കുറെയൊക്കെ പറഞ്ഞു പറഞ്ഞു മടുത്തപ്പോള്‍ അവസാനം രാധികയ്ക്കൊപ്പം ഞാന്‍ റസിയയെയും ചേര്‍ത്തു. അങ്ങനെയാണ് ഇന്‍സ്റ്റഗ്രാമില്‍ എന്റെ പേരിനൊപ്പം റസിയ കൂടിയത്.
ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്നിലെ മരതകം
റസിയ പോലെ വളരെയിഷ്ടമുള്ള കഥാപാത്രമാണ് ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്നിലെ മരതകം. ആ സിനിമയും അതിലെ കഥാപാത്രവും പ്രിയപ്പെട്ടതാണ്. ആ സിനിമയിലേക്ക് വിളിക്കുമ്പോള്‍ ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സെക്കന്റ് പാര്‍ട്ടിന്റെ ഭാഗമാകുക എന്നതായിരുന്നു വലിയ സന്തോഷം. പിന്നെ ആ സിനിമയില്‍ ആ കഥാപാത്രത്തിന്റെ പ്രാധാന്യം, അത്രയും പെര്‍ഫോം ചെയ്യാനുള്ള ഒരു കഥാപാത്രമാകുക എന്നതൊക്കെ ആ സിനിമ പ്രിയങ്കരമാകാനുള്ള കാരണങ്ങളായി. കൊമേഷ്യലി ആ സിനിമ വലിയ വിജയമായിരുന്നോ എന്നൊന്നും എനിക്കറിയില്ല. എനിക്ക് വ്യക്തിപരമായി ആ കഥാപാത്രവും, ക്രൂവുമൊക്കെ വലിയ ഇഷ്ടമായിരുന്നു. ഇപ്പോള്‍ ആ സിനിമ ടിവിയില്‍ ഇടയ്ക്കിടെ വരുന്നതു കൊണ്ട് ഇന്നത്തെ തലമുറയ്ക്കും ആ കഥാപാത്രം പരിചിതമാണ്. റസിയ കഴിഞ്ഞാല്‍ മരതകം എന്നാണ് പലരും പറയുന്നത്. മരതകത്തെ കണ്ട് പേടിച്ചിട്ടുണ്ട് എന്നൊക്കെ പലരും പറയാറുണ്ട്. നന്നായി ചെയ്തു എന്നു കേള്‍ക്കുമ്പോള്‍ സന്തോഷം. പിന്നെ ആ സിനിമയില്‍ ചില ഇടികളും ബഹളങ്ങളുമൊക്കെ ഡ്യൂപ്പ് ചെയ്തെങ്കിലും മേജര്‍ പോര്‍ഷനൊക്കെ എന്നെക്കൊണ്ടാണ് ചെയ്യിപ്പിച്ചത്. ഡ്യൂപ്പിനാണെങ്കില് വീഴുമ്പോഴും ഇടി കൊള്ളുമ്പോഴുമൊക്കെ ഒരു വശമുണ്ടാകുമല്ലോ. കൂടുതല്‍ പരിക്കുകളില്ലാതെ വേദനിക്കാതെ വീഴാന്‍ അവര്‍ക്ക് അറിയാം. പക്ഷേ എനിക്കത് അറിയില്ലായിരുന്നു. വളരെ ഡെഡിക്കേറ്റഡായി ഞാനത് ചെയ്തു. അങ്ങനെ വീണും ഇടി കൊണ്ടും പരിക്ക് കിട്ടിയിട്ടുണ്ട്. പതിനഞ്ച് ദിവസത്തെ ഷൂട്ടായിരുന്നു പറഞ്ഞിരുന്നത്. എന്റെയീ ഡെഡിക്കേഷന് കാരണം പത്തു ദിവസം കൊണ്ട് ശരീരവേദന വന്നു. പിന്നെയൊരു ബ്രേക്ക് എടുത്തിട്ടാണ് ഞാന്‍ റീജോയിന്‍ ചെയ്തത്. അതുകൊണ്ട് ആ സിനിമ മറക്കില്ല. അതിന്റെ ക്രൂവും സഹതാരങ്ങളുമൊക്കെ എപ്പോഴും രസകരമായ ഓര്‍മ്മകളാണ്.
കണ്ണും ചിരിയും മാത്രം നൽകിയൊരു സിനിമ
ഞാന്‍ മ്യൂസിക്ക് ആല്‍ബങ്ങളൊക്കെ ചെയ്തത് ബ്രേക്കില്‍ നിന്ന സമയത്താണ്. ഇനി ചെറിയ കഥാപാത്രങ്ങള്‍ വേണ്ട എന്ന ചിന്തയിലായിരുന്നു ഞാന്‍. ആ സമയത്ത് ഒരു ഫാമിലി ട്രിപ്പിന് പോയി. എന്റെ സഹോദരന് ലാലുച്ചേട്ടന്റെ (സംവിധായകന് ലാല്‍ ജോസ്) സുഹൃത്താണ്. സഹോദരന് ദുബായിലാണ് വര്‍ക്ക് ചെയ്യുന്നത്. സഹോദരന് ലീവിന് വന്ന സമയത്താണ് ഫാമിലി പിക്നിക്കിന് പോയത്. മടങ്ങിവരുന്ന വഴി വളരെ ആകസ്മികമായി ‘അച്ഛനുറങ്ങാത്ത വീടി’ന്റെ ലൊക്കേഷനില്‍ കയറി. ലാലുച്ചേട്ടന്റെ ലൊക്കേഷന്‍ ആയതു കൊണ്ടാണ് അവിടെയൊരു വിസിറ്റ് നടത്തിയത്. അവിടെ വച്ച് ലാലുവേട്ടന്, ‘ഒരു പാട്ട് സീന്‍ ഷൂട്ട് ചെയ്യുകയാണ്. അതില്‍ പൃഥ്വിരാജ് സ്വപ്നം കാണുന്ന ഒരു പെണ്ണിനെ കാണിക്കണം. മുഖം കാണിക്കില്ല. കണ്ണും ചിരിയും ദൂരത്തു നിന്നുള്ള ഷോട്ടും മാത്രമാണ് ഉള്ളത്. അത് ചെയ്യാമോ’ എന്ന് ചോദിച്ചു. ഞാന്‍ ഒക്കെ പറഞ്ഞു. പൃഥ്വിരാജിന്റെ കഥാപാത്രം സ്വപ്നം കാണുന്ന ഭാഗത്താണ് ഞാന്‍ അഭിനയിച്ചത്. ഞാനിട്ടിരുന്ന അതേ കോസ്റ്റ്യൂമിലാണ് ഷൂട്ട് ചെയ്തത്. സിനിമയില്‍ കണ്ണും ചിരിയുമൊക്കെ കാണുമ്പോള്‍ അത് ആരാണെന്ന് അറിയാനുള്ള ഒരു ക്യൂരിയോസിറ്റി ആര്ക്കുമുണ്ടാകില്ലേ ? ആ ക്യൂരിയോസിറ്റി തന്നെയാണ് ഞാന്‍ ഒക്കെ പറയാനുള്ള കാരണം. അങ്ങനെ ആ സിനിമയിലെ പാട്ടിന് വേണ്ടി എന്റെ കണ്ണും ചിരിയും നല്കി.
അഭിയുടെ പിന്തുണയും ദുബായ് ജീവിതവും
അഭി വളരെ ജോളിയാണ്. എന്നെപ്പോലെ തന്നെയാണ് അഭി. എനിക്കിഷ്ടമുള്ളതൊക്കെ ചെയ്യാനാണ് അഭി പറയുന്നത്. എല്ലാത്തിനും കമ്പനി കൂടുന്നൊരു ആളാണ്. എല്ലാ ഇഷ്ടങ്ങള്‍ക്കും ഒപ്പം നില്ക്കുന്ന ആളാണ്. ഏഴാമത്തെ വര്‍ഷമാണ് ഞങ്ങളിങ്ങനെ അടിച്ചു പൊളിച്ചു ജീവിക്കുന്നത്. പിന്നെ ദുബായ് ജീവിതം വളരെ അടിപൊളിയാണ്. നാടിനേക്കാള്‍ എനിക്കിഷ്ടം ദുബായിയാണ് എന്നു പറയേണ്ടി വരും. ഒട്ടും ബോറടിക്കാറില്ല.
കുറച്ചൊക്കെ അഡ്വെഞ്ചറസ്സാണ്
ഒരു പുലിക്കുട്ടിയെ കൈയിലെടുത്ത് ഓമനിക്കുന്ന ഒരു ചിത്രം ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. സിംഹത്തിനെയും പുലിക്കുട്ടിയെയുമൊക്കെ കെട്ടിപ്പിടിക്കണമെന്നത് വലിയ ആഗ്രഹമാണെന്ന് ഞാന്‍ വിവാഹം കഴിഞ്ഞ സമയത്ത് അഭിയോട് പറയുമായിരുന്നു. അങ്ങനെ ഇവിടെയൊരു പ്രൈവറ്റ് സൂ തുടങ്ങിയപ്പോള്‍ അഭിയെന്നെ അവിടെ കൊണ്ടുപോയി, ഒരു പുലിക്കുട്ടിയെ കൈയില്‍ വച്ചു തന്നു. എനിക്കിവിടെ വീട്ടില്‍ രണ്ടു പൂച്ചക്കുട്ടികളുണ്ട്. സത്യത്തില്‍ അതുപോലെയൊരു ഫീലിംഗായിരുന്നു പുലിക്കുട്ടിയെ കൈയിലെടുത്തപ്പോഴും തോന്നിയത്. ശരിക്കും ക്യൂട്ടായിരുന്നു അത്. ഉറങ്ങുകയായിരുന്നു അത്. കുറെ നേരം കൈയില്‍ വച്ച് ഓമനിച്ചു. പിന്നെ റോളര്‍ കോസ്റ്റര്‍ ചെയ്യുന്നതും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. അതൊക്കെ ലൈഫിൽ അഡ്വെഞ്ചറസ്സായി എന്തെങ്കിലും ചെയ്യുന്നതാണോ എന്നറിയില്ല. ഇതൊക്കെ എനിക്കിഷ്ടമാണ്. പേടി തോന്നുന്നതൊന്നും ഞാന്‍ ചെയ്യാറില്ല. ജീവിതത്തില്‍ അങ്ങനെ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുന്നത് വളരെയിഷ്ടമുള്ള ആളാണ് ഞാന്‍. അതുകൊണ്ടാകാം മനസ്സു തുറന്നു ചിരിച്ചു കൊണ്ട് ഞാനതൊക്കെ ചെയ്യുന്നത്.
ലാലേട്ടനും മമ്മൂക്കയും
എല്ലാ അഭിനേതാക്കളെയും പോലെ ഞാനും ഭയങ്കര അതിശയത്തോടെ കൊതിയോടെ നോക്കിക്കാണുന്ന അഭിനേതാക്കളാണ് ലാലേട്ടനും മമ്മൂക്കയും. ഒരു സീനാണെങ്കില്‍ പോലും ഇവരുടെ കൂടെ ഓടിപ്പോയി അഭിനയിക്കാനും സ്ക്രീന്‍സ്പേസ് കിട്ടാനും ആഗ്രഹിക്കുന്നയാളാണ്. ലാലേട്ടനൊപ്പമാണ് എന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റം എന്നു പറയാം. വലുതായ ശേഷം 20 20 യില്‍ ഒരു വേഷം ചെയ്തു. പിന്നെ മമ്മൂക്കയ്ക്കൊപ്പം മിഷന് 90 ഡേയ്സില്‍ നളിനി എന്ന കഥാപാത്രം ചെയ്തിരുന്നു. ഡാഡി കൂളിലും ചെയ്തിരുന്നു. നസ്രാണിയില്‍ ഒരുമിച്ചൊരു സ്ക്രീന്‍ സ്പേസിൽ വന്നില്ലെങ്കിലും ഞാന്‍ അഭിനയിച്ചു. ഇങ്ങനെയൊക്കെയെങ്കിലും ഇവര്‍ക്ക് ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. ഐ ഫീല്‍ ബ്ലെസ്ഡ്. ശരിക്കും ദൈവം തന്നതാണ് അതൊക്കെ. ഇപ്പോഴും എന്നും അവരുടെ കൂടെയൊരു കഥാപാത്രം കിട്ടിയാല്‍ ഓടിപ്പോയി ചെയ്യും. ഓര്‍മ്മ വച്ച കാലം മുതല്‍ ഇവര്‍ രണ്ടാളും ചെയ്ത ഓരോ കഥാപാത്രങ്ങളും മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഞാനിവരെക്കുറിച്ച് കൂടുതല്‍ എന്തു പറയാനാണ്. ലോകം മുഴുവന്‍ ഇവരുടെ പ്രാഗല്ഭ്യം പറയുകയല്ലേ. സച്ച് എ ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ് ആക്ടേഴ്സ... അത്രേയുള്ളൂ...
സിനിമയില്‍ നിന്ന് മാറി നിന്നിട്ടില്ല
സിനിമയില്‍ നിന്ന് ഞാനൊരിക്കലും വിട്ടു നിന്നിട്ടില്ല. ദുബായില്‍ ആയതു കൊണ്ട് ആരും വിളിച്ചിട്ടില്ല എന്നേ പറയാന്‍ കഴിയൂ. ദുബായിലേക്ക് മാറിയതിനാൽ ഞാൻ ഇനി അഭിനയിക്കില്ലെന്ന് പലരും വിചാരിച്ചു. അതിനാലാകാം സിനിമകളിലേക്ക് ആരും വിളിച്ചില്ല. അല്ലാതെ ഇടവേളയെടുക്കുകയാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. എനിക്ക് ചിത്രങ്ങളെടുക്കുന്നത് ഭയങ്കര ഇഷ്ടമാണ്. സെല്‍ഫി പൈത്യമെന്ന് ഒരു വിളിപ്പേരു കൂടിയുണ്ട് എനിക്ക്. ഫോട്ടോ എടുക്കാന്‍ എപ്പോഴും ഇഷ്ടമാണ്. അത് സോഷ്യല്‍ മീഡിയയില്‍ പങ്കിടുമ്പോള്‍ പലരും കൊളാബ് ചെയ്യാന്‍ താത്പര്യമാണോ എന്ന് ചോദിക്കും. അങ്ങനെ അവരുടെ പ്രൊഫൈലില്‍ എന്റെ ചിത്രങ്ങള്‍ വരും. ആരാധകര്‍ അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നത് ലൈക്കും കമന്റുമൊക്കെ തരുന്നു. മനഃപൂര്‍വ്വം ഇഷ്ടം പിടിച്ചു മേടിക്കാന്‍ ശ്രമിക്കാറില്ല. പരസ്പരമുള്ള ഇഷ്ടത്തിന്റെ പുറത്താണ് ആരാധകരുമായി ബന്ധം നിലനിര്‍ത്തുന്നത്.
വരാനിരിക്കുന്ന പ്രോജക്ട്കൾ
ആയിഷയ്ക്കു ശേഷം ഒന്നു രണ്ട് സ്ക്രിപ്റ്റ് കേട്ടിരുന്നു. മനസ്സിനോട് അടുപ്പം തോന്നുന്ന സിനിമകളേ എന്നും ചെയ്യാറുള്ളൂ. അങ്ങനെയൊരെണ്ണം വന്നില്ല, അതുകൊണ്ട് ഒന്നും ഇതുവരെ കമ്മിറ്റ് ചെയ്തിട്ടില്ല.