
ഓസ്ട്രേലിയയില്‍ ക്വാറാഡിംഗ് നഗരത്തില്‍ ഡോക്ടര്‍മാരായി സേവനം അനുഷ്ഠിക്കാന്‍ തയ്യാറാവുന്നവര്‍ക്ക് പ്രതിഫലമായി നല്കാന് തയ്യാറാവുന്നത് ആറ് കോടിയിലധികം രൂപ. നാല് കിടപ്പുമുറികളുള്ള ഒരു വീടും സൗജന്യമായി താമസിക്കാന്‍ നല്‍കുമെന്നാണ് നഗരത്തിലെ അധികൃതര്‍ പറയുന്നത്. 8,00,000 ഡോളറാണ് വാര്‍ഷിക ശമ്പളം.
നഗരത്തിലേക്കു വരുന്ന ഡോക്ടര്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പട്ടണത്തില്‍ തങ്ങാന്‍ തീരുമാനിക്കുകയാണെങ്കില്‍, അവര്‍ക്ക് 12,000 ഡോളറും (9.94 ലക്ഷം രൂപ), അഞ്ച് വര്‍ഷത്തിലധികം നഗരത്തില്‍ ജോലി ചെയ്താല്‍ 23,000 ഡോളറും (19.05 ലക്ഷം രൂപ) ബോണസായി ലഭിക്കും. ഇത് വളരെ ചെറിയ നഗരമാണ് അവിടെ 619 താമസക്കാര്‍ മാത്രമേ ഉള്ളൂ. ഓസ്ട്രേലിയയില്‍ അനേകം ഗ്രാമീണര്‍ റെസിഡന്‍ഷ്യല്‍ ഡോക്ടറെ കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ട്. സമാന കാരണത്താല്‍ പല നഗരങ്ങളിലെയും മെഡിക്കല്‍ സെന്ററുകള്‍ പൂട്ടിയിട്ടു.
'സമൂഹത്തിന് ഇത്രയും പ്രധാനപ്പെട്ട ഒരു ആവശ്യം ഉള്ളപ്പോള്‍ കൗണ്‍സിലിന് വെറുതെ നോക്കിനില്‍ക്കാനാവില്ല. ഡോക്ടറോ, ക്ലിനിക്കോ, ആശുപത്രിയോ, കെമിസ്റ്റോ ഇല്ലാതായാല്‍ അവിടെ നിന്നും ഗ്രാമത്തിന്റെ മരണം ആരംഭിക്കും'' എന്ന് ഷയര്‍ ഓഫ് ക്വെയ്റാഡിംഗിന്റെ പ്രസിഡന്റ് പീറ്റര്‍ സ്മിത്ത് പറഞ്ഞു.
ഓസ്ട്രേലിയയിലെ വീറ്റ്ബെല്‍റ്റ് മേഖലയിലാണ് ക്വാറാഡിംഗ് സ്ഥിതി ചെയ്യുന്നത്. വളരെ മാസങ്ങളായി ഇവിടെ താമസിയ്ക്കുന്നവര് ഒരു സ്ഥിരം റസിഡന്‍ഷ്യല്‍ ഡോക്ടറെ കണ്ടെത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയാണ്. അങ്ങനെയാണ്, നാട്ടിലെ മെഡിക്കല്‍ സൗകര്യങ്ങളുടെയും ഡോക്ടറുടെയും അഭാവം പരിഹരിക്കുന്നതിന് വേണ്ടി ഇവിടെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ജനറല്‍ പ്രാക്ടീഷണര്‍ക്കും 6.56 കോടി രൂപ നല്കാന് ക്വാറാഡിംഗ് ടൗണ്‍ കൗണ്‍സില്‍ തീരുമാനിച്ചത്.






