
കണ്ണൂര്‍: ആകാശ് തില്ലങ്കേരി ക്വട്ടേഷന്‍ രാജാവെന്ന് കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി.ജയരാജന്. താന്‍ ക്വട്ടേഷന്‍ നടത്തിയെന്നും കൊല നടത്തിയെന്നും അയാള്‍ തന്നെ പറയുകയാണെന്നും ഏതുനേതാവാണ് കൊലനടത്താന്‍ ആവശ്യപ്പെട്ടതെന്ന് അയാള്‍ തന്നെ വെളിപ്പെടുത്തണമെന്നും പറഞ്ഞു.
ആകാശ് തില്ലങ്കേരിയെ മാലിന്യ നിക്ഷേപ കേന്ദ്രമെന്നു പരിഹസിച്ച ജയരാജന് മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ പാര്‍ട്ടി ഒരു അന്വേഷണത്തെയും പേടിക്കുന്നില്ലെന്നും പറഞ്ഞു. ഷുഹൈബ് വധത്തില്‍ മാപ്പുസാക്ഷി ആകാനുള്ള ശ്രമമാണ് നടത്തുന്നത്. കേസില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടി ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ ഒരു ക്രിമിനല്‍ ഗൂഡാലോചനയുടെ ഭാഗമാണ് എന്നും എം.വി.ജയരാജന് പറഞ്ഞു.
യഥാര്‍ഥ പ്രതികളാണ് പൊലീസിന്റെ പിടിയിലായതെന്നും കേസുമായി സിപിഎമ്മിനു ബന്ധമില്ലെന്നും ജയരാജന് പറഞ്ഞു. ഒരു ക്വട്ടേഷന്‍ സംഘത്തിനും പാര്‍ട്ടിയുടെ സഹായം കിട്ടില്ലെന്നും ആകാശ് തില്ലങ്കേരിയടക്കം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാവര്‍ക്കുമെതിരേ ഉചിതമായ നിയമ നടപടി സ്വീകരിക്കണമെന്നും ജയരാജന് പറഞ്ഞു. കാപ്പ ചുമത്തണമെങ്കില്‍ അതും ചെയ്യണമെന്നും വ്യക്തമാക്കി.
പാര്‍ട്ടിക്കു വേണ്ടി കൊലപാതകം നടത്തിയെന്നായിരുന്നു ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് ഫെയ്സ്ബുക് കമന്റിലൂടെ വെളിപ്പെടുത്തിയത്. എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് അതു ചെയ്യിച്ചതെന്നും ആകാശ് പറഞ്ഞിരുന്നു.






