
തമിഴ്നാട് പല്ലവരായന്‍ പെട്ടിയില്‍ നടന്ന ജെല്ലിക്കെട്ടില്‍ കാളകളെ പിടികൂടുന്നതിനിടെ 95- ഓളം പേര്‍ക്ക് പരിക്ക്. മത്സരത്തിനെത്തിച്ച രണ്ട് കാളകളും മരിച്ചു. പല്ലവരായന്‍ പെട്ടിയില്‍ കൊവിഡാനന്തരം രണ്ടു വര്‍ഷത്തിനുശേഷമാണ് ജെല്ലിക്കെട്ട് നടന്നത്.
മത്സരത്തിനായി 585 കാളകളാണ് വിവിധ ജില്ലകളില്‍ നിന്നും എത്തിച്ചത്. കാളകളെ മുതുകില്‍ പിടിച്ചുനിര്‍ത്താന്‍ അന്‍പത് പേര് കളത്തില്‍ ഇറങ്ങിയിരുന്നു. തേനി ജില്ലാകളക്ടര്‍ ചൊല്ലിക്കൊടുത്ത കാളകളെ ഉപദ്രവിക്കില്ലെന്ന പ്രതിജ്ഞ ചൊല്ലിയായിരുന്നു മത്സരാര്‍ത്ഥികള്‍ കളത്തിലേക്കിറങ്ങിയത്.എന്നാല്‍ കാളകളെ പിടിച്ചു നിര്‍ത്തുന്നതിനിടെ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു.
പരുക്കേറ്റ ഒരാളെ തേനി മെഡിക്കല്‍ കോളേജിലും, മറ്റുളളവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. മത്സരത്തിനു ശേഷം തമ്മിലുണ്ടായ കുത്തില്‍ ഒരു കാള ചത്തു. മറ്റൊന്ന് പൊട്ടകിണറില്‍ വീഴുകയായിരുന്നു.






