
നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ ഷാരൂഖ് ഖാന് ചിത്രം ‘പഠാന്’ ബോളിവുഡില്‍ തരംഗം സൃഷ്ടിക്കുകയാണ്. ഹിന്ദി സിനിമയുടെ ചരിത്രത്തിൽ തന്നെ പുതിയൊരു നാഴികക്കല്ല് നേടുകയാണ് എസ് ആര്‍കെയുടെ ചിത്രം. 19 ദിവസം കൊണ്ട് 960 കോടി കളക്ട് ചെയ്ത ഈ ചിത്രം ആയിരം കോടിയെന്ന നാഴികക്കല്ലിന് തൊട്ടടുത്ത് എത്തിയിരിക്കുന്നു. ചിത്രത്തിന്റെ ഗ്ലോബൽ കളക്ഷന്റെ കണക്കാണിത്. പഠാന്റെ ആഗോള കളക്ഷൻ 900 കോടി കടന്നതായി വിതരണക്കാരായ യാഷ് രാജ് ഫിലിംസ് റിലീസിന്റെ പതിനേഴാം ദിനത്തിൽ അറിയിച്ചിരുന്നു. ഈ വാരാന്ത്യത്തോടെ ചിത്രം 1000 തൊടുമെന്നാണ് വിലയിരുത്തുന്നത്. 19-ാം ദിവസമായതോടെ ചിത്രത്തിന്റെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 493 കോടി കടന്നു.
ഹിന്ദുത്വ സംഘടനകളുടെ ബഹിഷ്കരണവും വിവാദങ്ങളും ഉണ്ടായിട്ടും ജനുവരി 25ന് റിലീസ് ചെയ്ത പഠാനെ ജനം രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ചിത്രം ഒരുപോലെ സ്വീകരിക്കപ്പെട്ടു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പദുക്കോൺ ആണ് നായിക. ജോൺ എബ്രഹാം വില്ലനായെത്തുന്ന പഠാനിൽ സൽമാൻ ഖാൻ അതിഥി വേഷത്തിലുമെത്തി. ബോളിവുഡിന്റെ റെക്കോര്‍ഡ് കളക്ഷന്‍ എന്നു തന്നെയിതിനെ വിശേഷിപ്പിക്കാം.






