
കണ്ണൂര്‍: കണ്ണൂരിലെ ഡി.വൈ.എഫ്.ഐ. നേതാക്കള്‍ക്കെതിരേ വീണ്ടും ഫെയ്സ്ബുക്ക് യുദ്ധവുമായി ഷുെഹെബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. വിതച്ചതേ കൊയ്യൂ എന്ന് ഡി.വൈ.എഫ്.ഐ. നേതാവ് രാഗിന്ദിനോട് ഫെയ്സ്ബുക്ക് കമന്റിലൂടെ ആകാശ്. അപ്പോഴും ആകാശ് ഒളിവിലെന്ന് പോലീസ്.
ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ വഷളാക്കിയത് നിങ്ങളാണ്. ഒരൊറ്റ പ്രസ്താവന കൊണ്ട് ഡി.വൈ.എഫ്.ഐ. ഞങ്ങളെ ഒറ്റുകാരാക്കി. ഡി.വൈ.എഫ്.ഐയുടെ സംഘടിതമായ സൈബര്‍ ആക്രമണത്തെ ചെറുക്കും. കെ.കെ. ശൈലജയുടെ പഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന രാഗിന്ദിന്റെ പേര് ഉന്നയിച്ചുള്ള മുന്നറിയിപ്പില്‍ പറയുന്നതിങ്ങനെ.
എം.ബി. രാജേഷിന്റെ ഡ്രൈവറായ അനൂപിന്റെ ഭാര്യ ശ്രീലക്ഷ്മി നല്കിയ പരാതിയില്‍ നേരത്തെ ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവര്‍ക്കെതിരേ മുഴക്കുന്ന് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. കേസെടുത്തശേഷവും ശ്രീലക്ഷ്മിക്കെതിരേ ജയപ്രകാശ് അധിക്ഷേപ പോസ്റ്റിട്ടു. ഫെയ്സ്ബുക്കില്‍ ആരോപണപ്രത്യാരോപണം നടക്കുന്നതിനിടെ വീണ്ടും കൊലവിളി പരാമര്‍ശം ജിജോ നടത്തി.
ഷുെഹെബിനെ കൊല്ലാന്‍ തീരുമാനിച്ചാല്‍ കൊല്ലാതെ പിന്നെ ഉമ്മവയ്ക്കണമായിരുന്നോ എന്നാണ് കമന്റ്. ആകാശിന്റെ അടുത്ത സുഹൃത്തുക്കളാണ് ജയപ്രകാശും ജിജോയും. കേസെടുത്തതിനു പിന്നാലെ ഇവര്‍ ഒളിവില്‍ പോയി. അതിനിടെ, ആകാശ് തില്ലങ്കേരിയെയും കൂട്ടരെയും പിന്തുണച്ച് തില്ലങ്കേരി സഖാക്കള്‍ എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ വന്നു. ആകാശിനെതിരേ പരാതി നല്കിയ ശ്രീലക്ഷ്മിയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കംകുറിച്ച് മോശം ഭാഷ ഉപയോഗിച്ചതെന്നാണ് ഇവരുടെ കുറിപ്പ്. ശ്രീലക്ഷ്മിയുടെ പോസ്റ്റിലെ കമന്റുകളിലേക്ക് കണ്ണോടിച്ചാല്‍ ഇത് മനസിലാകും.
അരാജകത്വ സംഘങ്ങളായി ഒരു കൂട്ടരെ മാത്രം ചാപ്പകുത്തി മറുപക്ഷത്തെ വെള്ളപൂശുന്ന പ്രവണതയില്‍നിന്ന് ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ മാറണം. ഒരുകാലത്ത് പാര്‍ട്ടിയുടെ ഉയിരും ഉശിരും ആയിരുന്നവര്‍ക്ക് ചുവട് പിഴച്ചെന്ന വിഷമകരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാവാം പാര്‍ട്ടി തന്റേടത്തോടെ അവരെ തള്ളിപ്പറഞ്ഞതും മാറ്റിനിര്‍ത്തിയതും. എന്നുകരുതി പാര്‍ട്ടിക്കൊപ്പം നിന്നകാലത്ത് അവര്‍ വീഴ്ത്തിയ വിയര്‍പ്പും ത്യാഗവും അപ്രസക്തമാവുന്നില്ല. അത് നിങ്ങള്‍ മറന്നാലും ഞങ്ങള്‍ മറക്കില്ലല്ലെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.






