
കോഴിക്കോട്: ട്രാന്‍സ് ജെന്‍ഡേഴ്സ് എന്നത് വ്യാജ മാനസികാവസ്ഥയാണെന്ന വിവാദ പരാമര്‍ശവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രടറി പിഎംഎ സലാം. പുരുഷനും സ്ത്രീയും അല്ലാതെ മറ്റൊരു വിഭാഗം ഉണ്ടെന്ന് ഇസ്ലാം മതം വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീയും പുരുഷനും തമ്മിലല്ലാത്ത വിവാഹത്തെയും ഇസ്ലാം അംഗീകരിക്കുന്നില്ലെന്നും പിഎംഎ സലാം പറഞ്ഞു. കോഴിക്കോട് മുസ്ലീം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കവെയാണ് ട്രാന്‍സ് ജെന്ഡേഴ്സിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്.
'പുരുഷനാണെന്ന് പറഞ്ഞ് സ്ത്രീയുടേതായ ശരീരഭാഗം മുറിച്ചു. ഈ ആളാണ് അവസാനം പ്രസവിച്ചത്. ശരീര ഭാഗം മുറിച്ച് കളഞ്ഞ് പുരുഷനാണെന്ന് പറഞ്ഞാലും ശരീരത്തിന്റെ ഉള്ളിലുള്ള അവയവങ്ങളൊക്കെ അങ്ങനെ തന്നെ ഉണ്ടാകും. മാധ്യമങ്ങള്‍ ട്രാസ്ജെന്റര്‍ പ്രസവം ആഘോഷിക്കുകയാണ് ചെയ്തത്. ഇതാണ് പുരോഗമനം എന്നാണ് പറയുന്നത് എതിര്‍ത്താല്‍ പിന്തിരിപ്പന് ആകും' അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ എസ്ഐഐയെയും സലാം കുറ്റപ്പെടുത്തി. സ്വതന്ത്ര ലൈംഗികത പ്രോത്സാഹിപ്പിക്കുകയും ക്യാമ്പസുകളില്‍ ആളെ കൂട്ടാനുമാണ് എസ്എഫഐ ശ്രമിക്കുന്നതെന്ന് അദ്ദേഹം പരാമര്‍ശിച്ചു. എസഎഫ്ഐ, ഡിവൈഎഫ്ഐക്കാരാണ് സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലും പ്രതികളാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.






