
ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പിന്റെ പരിശോധനകള്‍ക്കെതിരെ ബിബിസി രംഗത്ത്. മുംബൈ, ഡല്‍ഹി ഓഫീസുകളില്‍ നടത്തിയ പരിശോധനയ്ക്കിടെ തങ്ങളുടെ മാധ്യമപ്രവര്‍ത്തകരെ മണിക്കൂറുകളോളം ജോലി ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ബിബിസി വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ ജീവനക്കാരുടെ അടുത്ത് അപമര്യാദയായി പെരുമാറിയെന്നും ബിബിസി ആരോപിച്ചു. ബിബിസി ഹിന്ദി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയായിരുന്നു വിമര്‍ശനം.
ജീവനക്കാരുടെ മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഉദ്യേഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് മുതിര്‍ന്ന എഡിറ്റര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇംഗ്ലീഷ്, ഹിന്ദി വിഭാഗത്തിലുള്ളവരെ ഉദ്യോഗസ്ഥര്‍ അതിന് അനുവദിച്ചില്ലെന്നും ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രക്ഷേപണ സമയം അവസാനിച്ച ശേഷമാണ് മാധ്യമ പ്രവര്‍ത്തകരെ ജോലി ചെയ്യാന്‍ അനുവദിച്ചതെന്നും ബിബിസി വ്യക്തമാക്കി. സര്‍വേ നടപടികളെ കുറിച്ചെഴുതുന്നതിനും ജീവനക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ബിബിസിയുടെ ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ നികുതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായി കേന്ദ്ര ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 58 മണിക്കൂര്‍ നീണ്ട പരിശോധന വ്യാഴാഴ്ച രാത്രിയാണ് അവസാനിച്ചത്.
ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പുറത്തിറക്കിയതിന്റെ പ്രതികാര നടപടിയാണ് പരിശോധനയെന്ന് പ്രതിപക്ഷ പാര്‍ട്ടികളും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ആരോപിച്ചിരുന്നു. ചില പണമിടപാടുകാര്‍ക്ക് നികുതി അടച്ചിട്ടില്ലെന്നും നികുതി വകുപ്പ് അവകാശപ്പെട്ടിരുന്നു. ബിബിസി ഉദ്യോഗസ്ഥര്‍ അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും വകുപ്പ് കുറ്റപ്പെടുത്തി. ജീവനക്കാരുടെ മൊഴി, ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍, രേഖകള്‍ എന്നിവ വരുംദിവസങ്ങളില്‍ പരിശോധിക്കുമെന്ന് കേന്ദ്രം അറിയിച്ചു.






