
കൊച്ചി: യുവനടിയുടെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാധിക്ഷേപ കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. വിഷയം ഒത്തുതീർപ്പായതായി നടി സത്യവാങ്മൂലം സമർപ്പിച്ചതിനെ തുടർന്നാണ് കോടതിയുടെ നടപടി.
കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിക്കുന്നതിനിടെ കോടതിയുടെ നിർദേശപ്രകാരം നടിയുടെ നിലപാട് തേടുകയായിരുന്നു. ഇതിനിടെ വിഷയത്തിൽ ബോബി ചെമ്മണ്ണൂർ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി ഖേദം പ്രകടിപ്പിച്ചു. തുടർന്ന് കേസ് ഒത്തുതീർപ്പായതായി നടി കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു.
നടിക്കെതിരായ അധിക്ഷേപ പരാമർശവുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂർ നടത്തിയ ഖേദപ്രകടനം സ്വീകരിക്കുന്നതായി നടി നേരത്തെ പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ നടപടി നല്ല തീരുമാനമാണെന്നും വിഷയത്തെക്കുറിച്ച് മാതാപിതാക്കളുമായി സംസാരിച്ചിരുന്നുവെന്നും ബോബി ചെമ്മണ്ണൂരിന്റെ ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നതായും നടി വ്യക്തമാക്കിയിരുന്നു.






