
വാഷിംഗ്ടണും ടെഹ്റാനും തമ്മില്‍ ഈ വര്‍ഷം ആദ്യം നടന്ന പരോക്ഷ സമാധാന ചര്‍ച്ചകള്‍ക്കിടെ ഇറാന്റെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഉദ്യോഗസ്ഥര്‍ ഭയപ്പെട്ടിരുന്നതായും, ഈ സാധ്യതയെക്കുറിച്ച് ഇറാനെ മുന്‍കൂട്ടി അറിയിക്കാന്‍ മേഖലയിലെ മറ്റ് രാജ്യങ്ങളുടെ സഹായം തേടിയതായും റിപ്പോര്‍ട്ട്.
'ദ ന്യൂയോര്‍ക്ക് ടൈംസ്' പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയെയോ സ്പീക്കര്‍ മുഹമ്മദ് ഗാലിബാഫിനെയോ വധിക്കാനുള്ള ഇസ്രായേലിന്റെ ഏതൊരു ശ്രമവും സമാധാന ചര്‍ച്ചകളെ തകിടം മറിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ ഭയപ്പെട്ടിരുന്നതായി പറയുന്നു.
ഏപ്രിലില്‍ ആരംഭിച്ച വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് എന്നിവരുടെ സുരക്ഷയെ കേന്ദ്രീകരിച്ചായിരുന്നു യുഎസിന്റെ പ്രധാന ആശങ്കകള്‍. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇരു നേതാക്കള്‍ക്കും നേരെയുണ്ടാകുന്ന വധശ്രമവും നയതന്ത്ര ശ്രമങ്ങളെ പൂര്‍ണ്ണമായി തകിടം മറിക്കുകയും മേഖലയില്‍ വീണ്ടും ശക്തമായ യുദ്ധത്തിന് കാരണമാവുകയും ചെയ്യുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വിശ്വസിച്ചു.
ഈ രണ്ട് ഉദ്യോഗസ്ഥരെ ഇസ്രായേല്‍ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്ന കാര്യം ഇറാനെ അറിയിക്കാന്‍ വാഷിംഗ്ടണ്‍ മേഖലയിലെ മറ്റ് മറ്റു രാജ്യങ്ങളോട് ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലും കൂടുതല്‍ വിപുലമായ സമാധാന കരാറിലെത്താനുള്ള ശ്രമങ്ങളിലും പ്രാദേശിക രാജ്യങ്ങളുമായും യുണൈറ്റഡ് സ്റ്റേറ്റ്സുമായും ഉള്ള ഇറാന്റെ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കുന്നത് അരാഗ്ചിയും ഗാലിബാഫുമാണ്.
ഗാലിബാഫ് ഇസ്രായേലിന്റെ വധപ്പട്ടികയിലുണ്ടെന്ന് മനസ്സിലാക്കുകയും അദ്ദേഹത്തിനെതിരെ ആക്രമണം നടത്തരുതെന്ന് അമേരിക്ക ഇസ്രായേലിനോട് ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ചില്‍, അരാഗ്ചിയും ഗാലിബാഫും ഇസ്രായേലിന്റെ ലക്ഷ്യപ്പട്ടികയിലുണ്ടായിരുന്നെന്നും എന്നാല്‍ ഇറാനുമായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് തയ്യാറെടുക്കുന്നതിനിടെ ഇവരെ താല്‍ക്കാലികമായി പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായും 'വാള് സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സുമായി ചര്‍ച്ച നടത്തുന്നതിനായി ഏപ്രിലില്‍ ഗാലിബാഫ് ഇസ്ലാമാബാദ് സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി, പാകിസ്ഥാന്, ഖത്തര്‍ മധ്യസ്ഥര്‍ വഴി ഇറാന് അധികൃതര്‍ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ നിന്ന് സുരക്ഷാ ഉറപ്പുകള്‍ തേടിയിരുന്നു. ഈ സന്ദര്‍ശനം ഗാലിബാഫിനെയോ അരാഗ്ചിയെയോ ലക്ഷ്യമിടാന്‍ ഇസ്രായേല്‍ ഉപയോഗിച്ചേക്കുമെന്ന് ടെഹ്റാന് ആശങ്കപ്പെട്ടിരുന്നു. ഇറാന് അതിര്‍ത്തിക്കും ഇസ്ലാമാബാദിനുമിടയില്‍ പാകിസ്ഥാന് യുദ്ധവിമാനങ്ങള്‍ ഇറാനിയന്‍ പ്രതിനിധി സംഘത്തിന്റെ വിമാനത്തിന് അകമ്പടി സേവിച്ചിരുന്നു.






