
ന്യുഡല്‍ഹി: ശിവസേനയുടെ പേരും ചിഹ്നവും എതിര് വിഭാഗമായ ഏക്നാഥ് ഷിന്‍ഡെ പക്ഷത്തിന് നല്കിയ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി ചോദ്യം ചെയ്ത് ഉദ്ദവ് താക്കറെ സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഹര്‍ജി നാളെ നടപടികള്‍ പാലിച്ച് സമര്‍പ്പിക്കാന്‍ താക്കറെയുടെ അഭിഭാഷകന് അഭിഷേക് മനു സിംഗ്വിയോട് ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് നിര്‍ദേശിച്ചു.
ഏക്നാഥ് ഷിന്‍ഡെ വിഭാഗമാണ് യഥാര്‍ത്ഥ ശിവസേനയെന്ന് അംഗീകരിക്കുകയും തിരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി എത്രയും നേരത്തെ ലിസ്റ്റ് ചെയ്ത് പരിഗണിക്കണമെന്നായിരുന്നു ആവശ്യം.
വരുന്ന ഉപതിരഞ്ഞെടുപ്പില്‍ ഏക്നാഥ് ഷിന്‍ഡെ പക്ഷത്തിന് അമ്പും വില്ലും അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന് താക്കറെ പക്ഷത്തിന് 'പ്രകാശിക്കുന്ന ടോര്‍ച്ച്' ആണ് ചിഹ്നമായി അനുവദിച്ചത്. 2019ലെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ വിജയിച്ച 55 ശിവസേന എംഎല്‍എമാരില്‍ ഷിന്‍ഡെ പക്ഷത്തുള്ള എംഎല്‍എമാര്‍ക്കാണ് 76 ശതമാനം വോട്ട് ലഭിച്ചിരുന്നുവെന്ന് കാണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.






