
കോഴിക്കോട്: ആര്.എസ്.എസുമായി ചര്‍ച്ച എന്ന പേരില്‍ സി.പി.എമ്മും മുഖ്യമന്ത്രിയും ഇസ്ലാമോഫോബിയ വളര്‍ത്താനാണു ശ്രമിക്കുന്നതെന്നു ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി. മുജീബ് റഹ്മാന്.
അതിനു പിന്നില്‍ കൃത്യമായ തിരക്കഥയുണ്ടെന്നും ചര്‍ച്ചയ്ക്കെതിരായ പ്രചാരണം ഇസ്ലാമോഫോബിയയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീഎമ്മിന്റെ നേതൃത്വത്തില്‍ സി.പി.എം-ആര്.എസ്.എസുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ആ ചര്‍ച്ചയുടെ വിവരം പുറത്തുവന്നതു ശ്രീഎമ്മിന്റെ ആത്മകഥയിലാണ്. ആര്.എസ്.എസുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സി.പി.എം. വ്യക്തമാക്കണം.
ജമാഅത്തും ആര്.എസ്.എസും തമ്മില്‍ ചര്‍ച്ച നടന്നുവെന്നാണു പ്രചരണം. എന്നാല്‍, ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ബറേല്‍വി സംഘടനകള്‍ എന്നിവര്‍ക്കൊപ്പമാണ് ജമാഅത്തെ ഇസ്ലാമിയും ചര്‍ച്ചയില്‍ പങ്കെടുത്തത്. മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുകയാണ് ജമാഅത്ത് ചെയ്തത്. -പി. മുജീബ് റഹ്മാന് പറഞ്ഞു.
ആര്.എസ്.എസുമായി ചര്‍ച്ച നടത്തിയതിനു ജമാഅത്തെ ഇസ്ലാമിയെ സി.പി.എം. നേതാവ് കെ.ടി. ജലീലും പരിഹസിച്ചു. മുസ്ലിംകളുടെ ബാപ്പയാകാന് അവര്‍ നോക്കേണ്ടെന്നും ഇന്ത്യന്‍ മുസ്ലിംകളില് അര ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത ജമാഅത്തെ ഇസ്ലാമിക്കു മുസ്ലിം സമുദായത്തിന്റെ കാര്യങ്ങള്‍ പറയാന്‍ ആരാണ് അധികാരം നല്‍കിയതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.
ജമാഅത്ത് ഇസ്ലാമിയും മറ്റ് 13 സംഘടനകളും ആര്.എസ്.എസുമായി നടത്തിയ ചര്‍ച്ചയെ എതിര്‍ത്താണ് ജലീല്‍ രംഗത്തുവന്നത്. ''ഒരു മാസം മുമ്പു രഹസ്യമായി നടത്തിയ ചര്‍ച്ച ജമാഅത്തെ ഇസ്ലാമിയും അവരുടെ മാധ്യമങ്ങളും ഒളിപ്പിച്ചുവച്ചു. കഴിഞ്ഞ മാസം 14നാണ് ചര്‍ച്ച നടന്നത്. എന്നാല്‍, കഴിഞ്ഞ മാസം 26നാണ് ജമാഅത്തെ ഇസ്ലാമിയുടെ പത്രം ഇതു സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
എന്തൊക്കെ കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്നു വ്യക്തമാക്കപ്പെട്ടിട്ടില്ല. ഇന്ത്യയിലെ മുസ്ലിം വിഭാഗത്തിന്റെ പ്രശ്നങ്ങളാണ് അവര്‍ ആര്.എസ്.എസുമായി ചര്‍ച്ച നടത്തിയത്. ലീഗ് അനുഭാവ നിലപാട് സ്വീകരിക്കുന്ന സമസ്ത പോലും ഈ ചര്‍ച്ചയെ തള്ളിപ്പറഞ്ഞു. എ.പി. സുന്നികളും ഈ ചര്‍ച്ചയോടു യോജിക്കുന്നവരല്ല. മുജാഹിദ് വിഭാഗങ്ങളും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്''-അദ്ദേഹം പറഞ്ഞു.






