
കോഴിക്കോട്: പാര്‍ട്ടിയിലേക്ക് പുതിയതായി വരുന്ന ആള്‍ക്കാരില്‍ സ്ത്രീകള്‍ ഉണ്ടായാലും ഇല്ലെങ്കിലും സംസ്ഥാന കമ്മറ്റിയിലേക്ക് വനിതകളെ പരിഗണിച്ചേക്കില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് പ്രത്യേക തീരുമാനമുണ്ടായത്.
സ്ത്രീകള്‍ക്ക് വേണ്ടി പാര്‍ട്ടിക്കുള്ളില്‍ തന്നെ വേറെ സംഘടന ഉണ്ടാക്കിയിട്ടുണ്ടെന്നും അവര്‍ അവിടെ പ്രവര്‍ത്തിച്ചാല്‍ മതിയെന്നുമാണ് നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടിയുടെ മൊത്തം അംഗങ്ങളില്‍ 51 ശതമാനം വനിതകളാണ്. പാര്‍ട്ടിയിലേക്ക് പുതിയതായി 2.50 ലക്ഷം പേരാണ് പുതിയതായി ചേര്‍ന്നത്. എന്നാല്‍ ഭാരവാഹി തലത്തിലേക്ക് സ്ത്രീകളെ വേണ്ടെന്ന നിലപാടാണ് എടുത്തിരിക്കുന്നതെന്നാണ് വിവരം.
മാര്‍ച്ച് നാലിനാണ് പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വരുന്നത്. സംസ്ഥാന ഭാരവാഹിപ്പട്ടികയില്‍ 19 അംഗങ്ങളെയാണ് തെരഞ്ഞെടുക്കുക. ഇതില്‍ വനിതകളെ പരിഗണിക്കേണ്ടെന്ന് തന്നെയാണ് നേതൃത്വത്തിന്റെ അഭിപ്രായം. വനിതകള്‍ക്ക് പ്രവര്‍ത്തിക്കാനാണ് വനിതാലീഗ്. സ്ത്രീകള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കാന്‍ ഉണ്ടാക്കിക്കൊടുത്തിരിക്കുന്ന ഈ സംഘടനയിലാണ് അവര്‍ പ്രവര്‍ത്തിക്കേണ്ടത്.
രണ്ട് കൂട്ടര്‍ക്കും സംഘടന രണ്ട് തന്നെയാണെന്നാണ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്. സംസ്ഥാന കമ്മിറ്റിയുടെ അവസാന യോഗം മാര്‍ച്ച് മൂന്നിനാണ്. പിറ്റേന്ന് തന്നെ പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യയോഗം ചേരും. ഈ മാസം 28ന് മുമ്പ് തന്നെ കേരളത്തിലെ എല്ലാ ജില്ലാ കമ്മിറ്റികളും നിലവില്‍ വരും. ഉന്നതാധികാര സമിതിക്ക് പകരമായി 21 അംഗ സംസ്ഥാന സെക്രട്ടറിയേറ്റ് പുനസംഘടനയില്‍ നിലവില്‍ വരും.






