
തെങ്കാന: സ്ത്രീധനമായി വധുവിന്റെ വീട്ടുകാര്‍ പഴയ ഫര്‍ണിച്ചര്‍ നല്‍കിയതിനെ തുടര്‍ന്ന് വരന് കല്ല്യാണത്തിനെത്തിയില്ല. തെലുങ്കാനയില്‍ നടന്ന സംഭവത്തില്‍ വധു പോലീസില്‍ പരാതി നല്കി. സ്ത്രീധന നിരോധന നിയമപ്രകാരം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം വരനും കുടുംബത്തിനുമെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു.
ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന വരന് കഴിഞ്ഞ ഞാറാഴ്ച നടക്കേണ്ടിയിരുന്ന വിവാഹത്തിന് എത്തിയില്ലെന്നാണ് വധുവിന്റെ പരാതി. വിവാഹ ചടങ്ങിന് വരന് എത്താത്തതിനെ തുടര്‍ന്ന് വധുവിന്റെ പിതാവ് വരന്റെ വീട്ടിലേക്ക് പോയെങ്കിലും അവിടെ എത്തിയപ്പോള്‍ വരന്റെ വീട്ടുകാര്‍ മോശമായി പെരുമാറിയെന്ന് പിതാവ് ആരോപിച്ചു. തങ്ങള്‍ ആവശ്യപ്പെട്ടത് നല്‍കിയിട്ടില്ലെന്നും നല്‍കിയത് പഴയ ഫര്‍ണിച്ചറുകള്‍ ആണെന്നും പറഞ്ഞ് ചടങ്ങിനെത്താന്‍ അവര്‍ തയ്യാറായില്ലെന്നും വധുവിന്റെ പിതാവ് പറഞ്ഞു.
സ്ത്രീധനമായി മറ്റ് സാധനങ്ങള്‍ക്കൊപ്പം ഫര്‍ണിച്ചറുകളും വരന്റെ വീട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വരന്റെ വീട്ടുകാര്‍ അത് നിരസിക്കുകയും വിവാഹത്തില്‍ നിന്ന് പിന്മാറുകയും ആയിരുന്നെന്ന് പോലീസ് വ്യക്തമാക്കി. കല്ല്യാണത്തിനായി എല്ലാ വിരുന്നും ഒരുക്കുകയും നിരവധി പേരെ ക്ഷണിക്കുകയും െചയ്തിരുന്നു. എന്നാല്‍ വരന് എത്തിയില്ലായിരുന്നു.






