
വിവിധ ഭക്ഷണ സംസ്കാരങ്ങളുള്ള നാടാണ് ഇന്ത്യ. ഭക്ഷണ രുചിയുടെ പെരുമ ഏറെയുള്ള നാട്ടില്‍ പൊതു ഭക്ഷണത്തില്‍ ഏറെ പ്രചാരമുള്ള ഇനങ്ങളിലൊന്നാണ് സമൂസ. ഒരു ചൂട് ചായയോടൊപ്പം സമൂസയും കൂടി കഴിക്കാന്‍ കിട്ടിയാല്‍ പിന്നെ പറയേണ്ടത്തിലല്ലോ..ഇപ്പോളിതാ സമൂസകളിലും വൈവിധ്യങ്ങള്‍ ഏറെയാണ്. അങ്ങനെ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ റൂര്‍ക്കി റോഡ് ചാന്ദ്ര സിനിമയ്ക്ക് സമീപത്തായി 'രാജു ഭായി സമൂസ വാലെ' എന്ന കടയില്‍ ഒരു പ്രത്യേക സമൂസയുണ്ട്.
ഈ കടയില്‍ മാത്രമാണ് കഴിഞ്ഞ 25 വര്‍ഷമായി മുസാഫര്‍ നഗറിലെ ഏറ്റവും വലിയ സമൂസ വില്‍ക്കുന്നത്. രണ്ട് വലുപ്പത്തിലുള്ള സമൂസകള്‍ കടയില്‍ ഉണ്ടെങ്കിലും അവയില്‍ താരം നമ്മുടെ വലിയ സമൂസ തന്നെയാണ്. ചെറിയ സമൂസയ്ക്ക് 15 രൂപയും വലിയ സമൂസയ്ക്ക് 25 രൂപയുമാണ് ഈടാക്കുന്നത്. ഈ സമൂസയ്ക്ക് 100 ഗ്രാമിനും 200 ഗ്രാമിനുമിടയില്‍ ഭാരമുണ്ട്. 70 വര്‍ഷം പഴക്കമുളള ഈ കട ആരംഭിച്ചത് ഇപ്പോഴത്തെ കട ഉടമ മനുവിന്റെ മുത്തശ്ശനാണ്.
അന്ന് പച്ചക്കറിയായിരുന്നു കച്ചവടം. പിന്നീട് പതുക്കെ സമൂസയിലേക്ക് വ്യാപാരം മാറ്റി. മുസാഫര്‍നഗറിലെ ഈ വലിയ സമൂസയുടെ ഒരു കക്ഷണം കഴിച്ചാല്‍ തന്നെ സാധാരണ ഭക്ഷണക്രമമുള്ള ഒരാളുടെ വിശപ്പ് മാറ്റാന്‍ കഴിയുമെന്നാണ് മനു അവകാശപ്പെടുന്നത്. ദൂരദേശത്തുള്ളവര്‍ പോലും വലിയ സമൂസ കഴിക്കുന്നതിനായി കടയ്ക്ക് മുന്നില്‍ ക്യൂ നില്‍ക്കാറുണ്ടെന്നും മനു പറയുന്നു.
വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന കറിപൊടികളാണ് ഉരുളകിഴങ്ങിനൊപ്പം സമൂസയില്‍ ചേര്‍ക്കുന്നത്.
ഗരം മസാല, മല്ലി, ഉപ്പ്, പെരും ജീരകം, മുളക് എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കൂടാതെ പ്രത്യേകമായി വീട്ടില്‍ നിര്‍മിച്ച മസാലയോടൊപ്പം പനീറും ചേര്‍ക്കുന്നു. തുടര്‍ന്ന് അത് എണ്ണയില്‍ പൊരിച്ചെടുക്കുകയാണ് ചെയ്യുന്നത്. സമൂസയോടൊപ്പം ചുവപ്പ്, പച്ച എന്നീ നിറത്തിലുള്ള പുതിന ചട്നിയും തൈരും നല്‍കും. ഒരാള്‍ക്ക് ഒരു സമൂസ വച്ചായിരിക്കും നല്‍കുക.






