
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആദ്യ അറസ്റ്റ്. ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാര്‍ അറസ്റ്റിലായത്.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെ 2018 ഒക്ടോബര്‍ 27നാണ് ആശ്രമം കത്തിച്ചത്. കുണ്ടമണ്‍കടവ് സ്വദേശിയായ പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്ന് പ്രകാശിന്റെ സഹോദരന് വെളിപ്പെടുത്തിയിരുന്നു. പ്രകാശ് പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുഹൃത്ത് കൃഷ്ണകുമാര്‍ ചോദ്യം ചെയ്യലില്‍ ആശ്രമം കത്തിച്ച കുറ്റം സമ്മതിക്കുകയായിരുന്നു.
ആശ്രമ പരിസരത്ത് വയ്ക്കാനുള്ള റീത്ത് ചാലയില്‍ നിന്ന് വാങ്ങി പ്രകാശിന് നല്‍കിയത് താനാണെന്ന് കൃഷ്ണകുമാര്‍ പറയുന്നു.
ആത്മഹത്യ ചെയ്ത പ്രകാശും ആര്.എസ്.എസ് പ്രവര്‍ത്തകനായ ശബരിയും ചേര്‍ന്നാണ് ആശ്രമം കത്തിച്ചത്. കത്തിച്ച ശേഷം റീത്ത് വച്ചത് പ്രകാശ് ആണ്. റീത്തില്‍ 'ഷിബുവിന് ആദരാഞ്ജലികള്‍' എന്ന് എഴുതിയിരുന്നു.
ശബരിയുടെ സുഹൃത്തിന്റെ പള്‍സര്‍ ബൈക്കിലാണ് ഇരുവരും ആശ്രമം കത്തിക്കാന്‍ എത്തിച്ചത്. ഈ ബൈക്കിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഇതോടെ പുതിയ ബൈക്ക് തിരുവല്ലയിലുള്ള ഒരു വര്‍ക് ഷോപ്പില്‍ 2500 പൊളിച്ചുവിറ്റുവെന്നും പോലീസ് കണ്ടെത്തി.






