
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനുനേരെ ലാത്തിചാര്‍ജ് ഉണ്ടായതിനു പിന്നാലെ ഷാഫി പറമ്പില്‍ എംഎല്‍എയെ പോലീസ് കയ്യേറ്റം ചെയ്തതായി പരാതി. പോലീസ് തന്നെ നെഞ്ചില്‍ പിടിച്ച് തള്ളിയതായും ലാത്തികൊണ്ട് കുത്തിയതായും ഷാഫി പറമ്പില്‍ പറഞ്ഞു.
ഇന്ധനനികുതി പിന്‍വലിക്കുന്നതിനും, മുഖ്യമന്ത്രിയ്ക്ക് എതിരായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കുന്നതിനുമാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ഷാഫി പറമ്പില്‍ ആയിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാള്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ തോളില്‍ പിടിച്ചുവലിച്ചു. പോലീസ് ഇയാളെ പിടികൂടാന്‍ എത്തിയതോടെയാണ് സംഘര്ഷാവസ്ഥയായയത്. പോലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ടുതല്ലി. പലരെയും കസ്റ്റഡിയിലെടുത്തു. നേരത്തേ തീരുമാനിച്ചുറപ്പിച്ചത് പോലെയായിരുന്നു പോലീസിന്റെ അതിക്രമണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
എന്നാല്‍ ഷാഫി പറമ്പില്‍ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തി. അതിനു ശേഷമാണ് പോലീസ് ഷാഫി പറമ്പിലിനെ കയ്യേറ്റം ചെയ്തത്. ഇതേത്തുടര്‍ന്ന് ഹൈബി ഈഡന് എംപി, ഉമാ തോമസ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. കൂടാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധവും ആരംഭിച്ചിരുന്നു.
അവസാനം കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കാമെന്നുള്ള ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ വിട്ടയയ്ക്കുകയും ചെയ്തു.






