
മകന്റെ സ്നേഹം വെളിവാക്കുന്ന അമ്മയുടെ ഒരു ട്വിറ്റര്‍ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അമ്മയ്ക്ക് ഒരു ആറ് വയസുകാരന് നല്കിയ കരുതലും അവന്റെ പെന്‍സില്‍ കൊണ്ടുള്ള എഴുത്തും നെറ്റിസണ്‍സ് ഏറ്റെടുക്കുകയായിരുന്നു.
കൊവിഡ് ബാധിച്ച് ക്വാറന്റൈനില്‍ കഴിയുന്ന അമ്മയ്ക്ക് ഒരു ആറ് വയസുകാരന് ഭക്ഷണമുണ്ടാക്കി നല്‍കുകയും ഒപ്പം ഒരു കുറിപ്പെഴുതി വയ്ക്കുകയും ചെയ്തു. ഇത് കുട്ടിയുടെ അമ്മ ട്വിറ്റ് ചെയ്തതോടെയാണ് നെറ്റിസണ്‍സ് കുട്ടിയുടെ സ്നേഹത്തെ ഏറ്റെടുത്തത്.
കൊവിഡ് ബാധിച്ച് കൊറന്റൈനിലായിരുന്നു അമ്മ എറിന് റീഡ്. വീട്ടിലെ ഒറ്റയ്ക്കൊരു മുറിയില്‍ കഴിയുമ്പോള്‍ മകനാണ് അമ്മയ്ക്കുള്ള ഭക്ഷണങ്ങള്‍ തയ്യാറാക്കിയിരുന്നത്. എറിന് കൊവിഡ് ബാധിതയായിരുന്നപ്പോള്‍ മകന് നല്കിയ ഭക്ഷണത്തിന്റെ ചിത്രം പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു. 'എനിക്ക് കോവിഡ് ബാധിച്ചിരിക്കുന്നു, എന്റെ മകന് എനിക്കായി ഉണ്ടാക്കിയ ഭക്ഷണം കിടപ്പുമുറിയുടെ വാതിലിന് സമീപത്തെ മേശപ്പുറത്ത് വച്ചത് നോക്കൂ,' ചീരയും കുറച്ച് നൂഡില്‍സും അടങ്ങിയ പാത്രത്തിന് സമീപം മേശപ്പുറത്ത് അവനൊരു കുറിപ്പും എഴുതി വച്ചിരുന്നു. 'ഞാനിത് നിങ്ങള്‍ക്കായി ഉണ്ടാക്കിയതാണ്. നന്നായില്ലെങ്കില്‍ ക്ഷമിക്കൂ, ഭക്ഷണം നോക്ക്!' ട്വീറ്റ് പങ്കുവച്ചതോടെ നിമിഷനേരം കൊണ്ട് തന്നെ മൂന്ന് ലക്ഷത്തിലേറെ ആളുകളാണ് ഇത് കണ്ടത്. രണ്ടായിരത്തി അഞ്ചൂറോളം പേര് റീട്വീറ്റ് ചെയ്തു .
തങ്ങളുടെ കുട്ടിക്കാലത്ത് അമ്മയ്ക്ക് അസുഖം വന്നപ്പോള്‍ ഭക്ഷണമുണ്ടാക്കി കൊടുത്ത കഥകള്‍ ചിലര്‍ കമന്റായി പങ്കുവച്ചു. മറ്റ് ചിലര്‍ കുട്ടിയുടെ പ്രവര്‍ത്തിയെ പ്രശംസിച്ചു. വലിയൊരു കാര്യമാണ് കുട്ടി നീ ചെയ്തത്. നിന്റെ അമ്മ നിന്നെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും ചിലര്‍ കൂട്ടിച്ചേര്‍ത്തു.






