നടിയും അവതാരികയുമായ സുബി സുരോഷിന്റെ വിയോഗത്തില്‍ രമേഷ് പിഷാരടി അനുശോചനം അറിയിച്ചു. ജീവിതത്തിലേക്ക് സുബി സുരേഷിനെ തിരികെ കൊണ്ടുവരുന്നതിനായി പരാമാവധി ശ്രമിച്ചിരുന്നു. രോഗം പെട്ടെന്ന് മൂര്‍ച്ഛിക്കുകയും നമ്മളെ വിട്ട് പോവുകയുമാണ് ഉണ്ടായതെന്ന് രമേഷ് പിഷാരടി പറഞ്ഞു.
'സുബിക്ക് പെട്ടെന്ന് വയ്യായ്ക വരികയും രോഗം മൂര്‍ച്ഛിക്കുകയുമായിരുന്നു. ഞങ്ങള്‍ അഞ്ച് ദിവസം മുമ്പ് വരികയും ഐസിയുവില്‍ കയറി കണ്ട് സുബിയോട് സംസാരിക്കുകയും ചെയ്തിരുന്നു. കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. കരള്‍മാറ്റ ശസ്ത്രക്രിയക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയായിരുന്നു. അതിനിടെ ഹൃദയത്തിനും അനാരോഗ്യം അനുഭവപ്പെട്ടു. അതിന്റെ ചികിത്സയും ആരംഭിച്ചു. കരളില്‍ അണുബാധ ഉണ്ടായിരുന്നു. എല്ലാതരത്തിലും നോക്കിയിരുന്നു. പെട്ടെന്ന് രോഗം മൂര്‍ച്ഛിക്കുകയും നമ്മളെ വിട്ട് പോവുകയുമാണ് ഉണ്ടായത്. 20 വര്‍ഷത്തില്‍ കുറയാത്ത ബന്ധമുള്ള കലാകാരിയാണ്.' രമേഷ് പിഷാരടി പറഞ്ഞു.
ടിനി ടോമിനും മറ്റൊരു സുഹൃത്തിനുമൊപ്പമായിരുന്നു ചികിത്സയിലിരിക്കെ സുബി സുരേഷിനെ കാണാന്‍ രമേഷ് പിഷാരടി പോയത്.
സിനിമ മേഖലയും ആരാധകരും സുബിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ്. ടെലിവിഷന്‍ രംഗത്തേക്ക് സിനിമാല എന്ന കോമഡി പരിപാടിയിലൂടെയായിരുന്നു സുബി കടന്നുവന്നത്. തനിക്ക് രക്തബന്ധം പോലെയാണ് സുബിയെന്നും പെണ്‍കുട്ടികള്‍ നാടക രംഗത്ത് ഇല്ലാത്ത സമയത്തായിരുന്നു സുബിയുടെ കടന്നുവരവ്. സ്വന്തം കഴിവ് കൊണ്ട് ഉയര്‍ന്ന് വന്ന താരമാണ് സുബിയെന്നുമാണ് നടന് ടിനി ടോം പറഞ്ഞത്.






