
നമ്മള് നിസ്സാരമെന്നു കരുതുന്ന കാര്യങ്ങള്‍ മറ്റു രാജ്യങ്ങളില്‍ കര്‍ശനമായ ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റകൃത്യങ്ങളാണ്. ഫിലിപ്പൈന്‍സില്‍ നിലവിലുള്ള ഒരു നിയമത്തെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. മറ്റൊരാളെ ശല്യം ചെയ്യുന്നത് നമ്മുടെ നാട്ടില്‍ ഒരു മോശം പെരുമാറ്റമായി കണക്കാക്കാറുണ്ടെങ്കിലും അത് ശിക്ഷാര്‍ഹമായ ഒരു കുറ്റകൃത്യമായി കരുതാറില്ല. എന്നാല്‍ ഫിലിപ്പൈന്‍സില്‍ അങ്ങനെയല്ല. മറ്റൊരാള്‍ക്ക് ഇഷ്ടമില്ലാത്ത രീതിയില്‍ അല്ലെങ്കില്‍ അയാളെ ശല്യം ചെയ്യുന്ന രീതിയില്‍ ഒരാള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അയാള്‍ക്കെതിരെ കേസ് കൊടുക്കാന്‍ ഇരയാക്കപ്പെടുന്ന ആള്‍ക്ക് അവകാശമുണ്ട്. 'ശല്യം' എന്ന് പറയുന്നത് ഏത് വിധേനയുമാകാം. പ്രവര്‍ത്തികള്‍ കൊണ്ടോ, ആംഗ്യങ്ങള്‍ കൊണ്ടോ, വാക്കുകള്‍ കൊണ്ടോ എന്നിങ്ങനെ ഏതു വിധേനയനെയും ആയിരുന്നാലും കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട കുറ്റം തെളിഞ്ഞാല്‍ 30 ദിവസം വരെ തടവു ശിക്ഷ ലഭിച്ചേക്കാം.
മറ്റൊരാളോട് അന്യായമായി കലഹിക്കുന്ന വ്യക്തിയില്‍ നിന്ന് 200 പെസോ (899 രൂപ) പിഴയായി ഈടാക്കാനോ അല്ലെങ്കില്‍ 30 ദിവസത്തെ തടവ് ശിക്ഷയായി നല്‍കാനോ ഈ നിയമം ശുപാര്‍ശ ചെയ്യുന്നു. 2020 -ല്‍ ഈ ശിക്ഷാനിയമത്തില്‍ ഭേദഗതി വരുത്തി. അതുപ്രകാരം അന്യായമായി ഒരു വ്യക്തിക്ക് അസ്വസ്ഥത ഉളവാക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഈ നിയമത്തിന്റെ കീഴില്‍ വരുന്നു. കൂടാതെ 5,000 പെസോയായി (7,500 രൂപ) ഇതിന്റെ പിഴ തുകയും ഉയര്‍ത്തി. വിനോദസഞ്ചാരികളാണ് കൂടുതലും ഈ നിയമം മൂലം പ്രശ്നത്തിലാകുന്നത്.
ലോകമെമ്പാടും ഇത്തരത്തിലുള്ള നിരവധി നിയമങ്ങള്‍ നിലവിലുണ്ട്. സിംഗപ്പൂരില്‍ 1992 മുതല്‍ ച്യൂയിംഗ് ഗം നിയമ വിരുദ്ധമാണ്, ഇംഗ്ലണ്ടില്‍ പട്ടം പറത്തുന്നത് മെട്രോപൊളിറ്റന്‍ പോലീസ് ആക്ട് 1839 പ്രകാരം നിയമ വിരുദ്ധമാണ്, ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ മരം കയറുന്നതും പൊതുസ്ഥലത്ത് ഗെയിമുകള്‍ കളിക്കുന്നതും ബെല്‍ജിയത്തില്‍ കുറ്റകൃത്യമാണ്.






