ന്യൂഡല്‍ഹി: അണ്ണാ ഡിഎംകെയിലെ അധികാരതര്‍ക്കത്തില്‍ എടപ്പാടി പളനിസ്വാമിക്ക് വിജയം. അണ്ണാഡിഎംകെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തുടരാന്‍ എടപ്പാടിയെ അനുവദിച്ച മദ്രാസ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഒ.പനീര്‍ശെല്‍വത്തിന് തിരിച്ചടിയാണ് ജസ്റ്റീസ് ദിനേശ് മഹേശ്വരി, ജസ്റ്റീസ് ഋഷികേശ് റോയ് എന്നിവരുടെ ബെഞ്ചിന്റെ വിധി.
മുന്‍മുഖ്യമന്ത്രി ജെ.ജയലളിതയുടെ വിയോഗത്തിനു പിന്നാലെയാണ് പാര്‍ട്ടിയില്‍ അധികാരതര്ക്കമുണ്ടായത്. ഇതോടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഇല്ലാതാക്കി പാര്‍ട്ടിക്ക് ഇരട്ട അധികാര കേന്ദ്രങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ 2022 ജൂലായ് 11ന് നടന്ന ജനറല്‍ കൗണ്‍സില്‍ പാര്‍ട്ടി ബൈലോ ഭേദഗതി ചെയ്ത് എടപ്പാടിയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി നിയമിക്കുകയും ഒ.പനീര്‍ശെല്‍വം വഹിച്ചിരുന്ന പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പദവി റദ്ദാക്കുകയും ചെയ്തിരുന്നു. ഈ ജനറല്‍ കൗണ്‍സില്‍ ചേരുന്നതിനെതിരെ പനീര്‍ശെല്‍വം കോടതിയെ സമീപിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. തുടര്‍ന്ന് ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ അണ്ണാഡിഎംകെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തിരഞ്ഞെടുക്കുകയും ചെയ്തു.
ഇതിനിടെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ തര്‍ക്കം വീണ്ടും രൂക്ഷമാകുകയായിരുന്നു. അധികാരവും പാര്‍ട്ടി ചിഹ്നവും ലക്ഷ്യമിട്ട് ഇരുനേതാക്കളും കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.






