
ക്രിസ്മസ് കാലമെത്തുമ്പോള്‍ പലതരത്തിലുള്ള വസ്തുക്കളാല്‍ ക്രിസ്മസ് ട്രീ നിര്‍മ്മിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് മാലിന്യം കൊണ്ടാരു ക്രിസ്മസ് ട്രീ. അതും ക്രിസ്മസ് കഴിഞ്ഞപ്പോള്‍. ലണ്ടന്‍ മേയറായ വിന്‍സെന്റ് കീവേനിയാണ് ഈ ക്രിസ്മസ് ട്രീയുടെ സൃഷ്ടാവ്. ഇദ്ദേഹം ട്രീ ഉണ്ടാക്കി തന്റെ വീടിന്റെ ബാല്‍ക്കണിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. മേയറിന്റെ വീട്ടിലെ മാലിന്യം കൊണ്ടുള്ള ക്രിസ്മസ് ട്രീ നഗരവാസികളെ ഒട്ടാകെ അത്ഭുതപ്പെടുത്തി. മാലിന്യം കൊണ്ടാണ് ട്രീ തയ്യാറാക്കിയിരിക്കുന്നതെങ്കിലും വര്‍ണാഭമായ നിറങ്ങളാണ് ട്രീക്ക് നല്‍കിയിരിക്കുന്നത്.
ഇത്തരത്തിലൊരു ക്രിസ്മസ് ട്രീ മേയര്‍ തന്നെ വീടിന്റെ മുന്പില് സ്ഥാപിച്ചതിന് ഒരു പ്രത്യേക കാരണമുണ്ട്. എന്തെന്നാല്‍, ലണ്ടന്‍ നഗരപരിധിയില്‍ നിന്നും കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ ശേഖരിച്ച മാലിന്യങ്ങളാണ് ഇത് മുഴുവനും. അതായത് പുതുവര്‍ഷാഘോഷ പാര്‍ട്ടികളില്‍ ഉള്‍പ്പെടെ ജനങ്ങള്‍ ഉപയോഗിച്ചു തള്ളിയ പ്ലാസ്റ്റിക് ഘരമാലിന്യങ്ങളുടെ വന്‍ ശേഖരം. തങ്ങള്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ എത്രമാത്രം അപകടകാരികളാണെന്നത് ജനങ്ങള്‍ തിരിച്ചറിയുന്നതിനും അവരെ ബോധവല്‍ക്കരിക്കുന്നതിനും വേണ്ടിയാണ് അദ്ദേഹം ഇത്തരത്തിലൊരു ക്രിസ്മസ് ട്രീ തന്റെ വീടിന്റെ ബാല്‍ക്കണിയില്‍ സ്ഥാപിച്ചത്. ഇതു കാണുന്നത് വഴി ഓരോ ദിവസവും തങ്ങള്‍ വലിച്ചെറിയുന്ന മാലിന്യങ്ങളെ കുറിച്ച് ജനങ്ങള്‍ ചിന്തിക്കുമെന്നും ചെറുതെങ്കില്‍ കൂടി ഒരു മാറ്റം അവര്ക്കുണ്ടായേക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
മാലിന്യ ശേഖരിക്കുന്ന തൊഴിലാളികളുടെ സഹായത്തോടെ ടണ്‍ കണക്കിന് മാലിന്യമാണ് ട്രീ നിര്‍മാണത്തിനായി ഇവര്‍ നഗരത്തില്‍ നിന്നും ശേഖരിച്ചത്. പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍, പാമ്പേഴ്സ്, ഇലക്ട്രോണിക് വേസ്റ്റ് തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ ശേഖരിച്ച മാലിന്യങ്ങളുടെ കൂട്ടത്തിലുണ്ട്. മേയര്‍ കലാകാരനായ ഐന്‍ ബര്‍ക്കുമായി സഹകരിച്ചാണ് ട്രീ രൂപകല്പന ചെയ്തത്.






