
കേരള രാഷ്ട്രീയത്തിലേക്ക് കെ.എസ്.യുവിലൂടെ കടന്നുവന്നയാളാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും അച്ചടക്ക സമിതി അദ്ധ്യക്ഷനുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കെ.എസ്.യു.വിന്റെ സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, എംഎല്‍എ, ആരോഗ്യ, വനം, ആഭ്യന്തരവകുപ്പുകളില് മന്ത്രി തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ച തിരുവഞ്ചൂര്‍ ‘മംഗളം ഓണ്‍ലൈനി’ നോട് സംസാരിക്കുന്നു.
നികുതി വര്‍ദ്ധനയും അഴിമതി ആരോപണങ്ങളും, പോലീസ് രാജും ബന്ധുനിയമന വിവാദങ്ങളുമൊക്കെ സിപിഎമ്മിനെയും സര്‍ക്കാരിനേയും പ്രതിക്കൂട്ടിലാക്കുന്നുണ്ട്. പക്ഷേ ഈ വിഷയങ്ങള്‍ ഫലപ്രദമായി ജനങ്ങളുടെ മുമ്പില്‍ തുറന്നു കാട്ടാന്‍ പ്രതിപക്ഷം എന്ന നിലയ്ക്ക് കോണ്‍ഗ്രസിന് കഴിയുന്നുണ്ടോ ?
പ്രതിപക്ഷം എന്ന നിലയ്ക്ക് കോണ്‍ഗ്രസ്സ് മാക്സിമം ശ്രമിക്കുന്നുണ്ട്. പക്ഷേ തൊട്ടടുത്ത് ഒരു തിരഞ്ഞെടുപ്പ് നില്ക്കുന്നില്ല എന്നുള്ളത് കൊണ്ട് എന്തും ചെയ്യാം എന്നുള്ള മനോഭാവത്തോടുകൂടിയാണ് എല്‍ഡിഎഫ് ഭരണം. 6മാസം മുമ്പ് ചില നടപടികള്‍ മതി. പണ്ട് കിറ്റ് കൊടുത്തത് പോലെ, പ്രളയം കഴിഞ്ഞ് തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് കിറ്റുവിതരണം ചെയ്ത് ലോട്ടറി അടിച്ച ആളുകളാണ് ഇപ്പൊള്‍ ഭരണത്തില്‍ ഇരിക്കുന്നത്. ഇവിടെ പ്രതിപക്ഷത്തിന്റെ സമരം ശരിയല്ല എന്ന് അവര്‍ തന്നെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. നമ്മുടെ സമരം എപ്പോഴും നമ്മളെ വിശ്വസിക്കുന്ന ജനവിഭാഗങ്ങളുടെ കൂടി പൊതു താല്പര്യം അംഗീകരിച്ചുകൊണ്ടാണ്. കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ആവര്‍ത്തിച്ച് പറഞ്ഞല്ലോ, 'ഞങ്ങള്‍ ബന്ദ് നടത്താന്‍ ഇല്ല' എന്ന്. പ്രതിപക്ഷ കക്ഷിയുടെ ഏറ്റവും വലിയ രാഷ്ട്രീയ ആയുധം ജനജീവിതം നിശ്ചലമാക്കുക എന്നുള്ളതല്ലേ? ഞങ്ങള്‍ അതിന് ഇല്ല എന്ന് പറഞ്ഞു .
ബജറ്റുമായി ബന്ധപ്പെട്ട് കെ സുധാകരന് നികുതി ബഹിഷ്കരിക്കണമെന്ന അഭിപ്രായം പറയുകയുണ്ടായി. എന്നാല്‍ ആ വിഷയം അറിഞ്ഞില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത് . നേതാക്കന്മാര് തമ്മില്‍ അഭിപ്രായവ്യത്യാസം കെപിസിസി ക്കുള്ളില് നിലനില്‍ക്കുന്നുണ്ടോ?
എനിക്ക് ഇതിനെക്കുറിച്ച് ഒരു പൊതു അഭിപ്രായം ഉണ്ട് . കൂടി ആലോചനകള്‍ക്ക് ശേഷം വേണം നയപരമായ കാര്യങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കാന്‍ . അങ്ങിനെ വരുമ്പോള്‍ സ്വാഭാവികമായിട്ടും ആശയപ്രശ്നങ്ങള്‍ ഉണ്ടാവില്ല.
അതായത് കൂടിയാലോചനകള്‍ കെപിസിസിക്കുള്ളില് നടക്കുന്നില്ല എന്നാണോ ?
എന്നല്ല , ഒരു ഒറ്റപ്പെട്ട ഇന്‍സ്റ്റന്‍സിനെ കുറിച്ചല്ല ഞാന്‍ ഈ പറഞ്ഞത്. ഞാന്‍ ടോട്ടല്‍ പാക്കേജിനെ കുറിച്ചാണ് പറയുന്നത്. കൂടിയാലോചനയോട് കൂടി നമ്മള് ഒരു കാര്യത്തില്‍ അഭിപ്രായം പറഞ്ഞാല്‍ ഈ പറയുന്ന പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവില്ല. അല്ലെങ്കില്‍ വാക്കുകളില്‍ ഉണ്ടാകുന്ന വ്യതിചലനങ്ങള്‍, അഭിപ്രായത്തില്‍ ഉണ്ടാകുന്ന ചെറിയ ചെറിയ വ്യത്യാസങ്ങള്‍, ഇതൊക്കെയാണ് ഈ കേരളത്തിലെ മഹാപ്രശ്നം എന്ന് ദുര്‍വ്യാഖ്യാനം ചെയ്യുന്നതിന് വേണ്ടിയുള്ള അവസരം കൊടുക്കും.
കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടോ ? കെ സുധാകരനും വി.ഡി. സതീശനും നേരില്‍ കണ്ടാല്‍ അടിയാണെന്നും, തന്നെപോലുള്ള നേതാക്കന്മാരെ ഒതുക്കുന്ന സമയം വരുമ്പോള്‍ മിത്രങ്ങള്‍ ആകുന്നു എന്നും കെ. മുരളീധരന് പറഞ്ഞിരുന്നു?
അതൊക്കെ വ്യക്തിഗതമായ രാഷ്ട്രീയം കാണുന്ന ആളുകളുടെ വിലയിരുത്തലാണ്. രണ്ട് അഭിപ്രായം രണ്ട് സെന്റന്‍സില്‍ പറയുമ്പോള്‍ സ്വാഭാവികമായിട്ടും അതിനെക്കുറിച്ചൊക്കെ ഓരോ തര്‍ക്കങ്ങള്‍ വേണമെങ്കില്‍ പറഞ്ഞു തുടങ്ങാം. നമ്മുടെ ലക്ഷ്യമല്ലേ പ്രശ്നം. നമ്മളെ വിശ്വസിക്കുന്ന ജനവിഭാഗങ്ങളുടെ താല്പര്യങ്ങള് സംരക്ഷിച്ച് മുന്നോട്ട് പോകണം. നികുതിയെ കുറിച്ചാണല്ലാ സംസാരിച്ചു തുടങ്ങിയത് . കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ നികുതി കൊള്ളയല്ലേ ഇവിടെ നടന്നിട്ടുള്ളത്. എന്നാല്‍ നികുതി പിരിവ് ഇവിടെ ഏഴ് എട്ട് കൊല്ലമായി നടക്കുന്നുമില്ല. ഓരോ വര്‍ഷവും ടാര്ജറ്റിനെക്കുറിച്ച് പറയും. 30 ശതമാനം വച്ച് ഓരോ വര്‍ഷം വര്‍ദ്ധനവ് ഉണ്ടാകുമെന്ന് തോമസ് ഐസക്കിന്റെ ബജറ്റിനകത്ത് പലവട്ടം പറഞ്ഞിട്ടും ഒരു വര്‍ഷത്തില്‍ പോലും 30% വര്‍ദ്ധനവ് ഉണ്ടായിട്ടേയില്ല. 30 ശതമാനം വെച്ച് വര്‍ദ്ധനവ് ഉണ്ടാകും എന്ന് പറയുമ്പോള്‍ അഞ്ചു കൊല്ലക്കാലം 30% വച്ച് 150 ശതമാനത്തിന്റെ വര്‍ദ്ധനവ് വേണ്ട? . അതേ സമയം നമുക്ക് 15% 18% 20% ആയി നികുതി പിരിവ് കുറഞ്ഞു വരുകയാണ്. അതുകൊണ്ടാണ് സി ആന്റ് എജി തര്‍ക്കിച്ചത്. അവര്‍ പറഞ്ഞു കേരളത്തിലെ നികുതി പിരിവ് വളരെ മോശമാണ്. അവര്‍ മാത്രമല്ല ഇന്ത്യയിലെ ഇക്കോണമിയെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുന്ന എല്ലാ ഇന്‍സ്റ്റിറ്റിയൂഷന്‍സും സംസ്ഥാനത്ത് നികുതി പിരിവിനെക്കുറിച്ച് വളരെ മോശമായ അഭിപ്രായമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് ഗംഭീരമാണ് എന്ന് പറയുന്നത് ഇതിന്റെ തലപ്പത്തിരിക്കുന്ന ചില ആളുകള്‍ മാത്രമാണ്.
ശശി തരൂര്‍ വിവാദം ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നുണ്ടോ എപ്പോഴെങ്കിലും ?
ഞാന്‍ കേരളത്തിലെ അച്ചടക്ക സമിതിയുടെ ചെയര്മാന് എന്നുള്ള നിലയില്‍ എനിക്ക് പറയുന്ന വാക്കുകള്‍ക്ക് പരിമിതികള്‍ ഉണ്ട് . അതുകൊണ്ട് ഈ കാര്യങ്ങള്‍ സംബന്ധിച്ച് പരിമിതിയില്‍ നിന്ന് മാത്രമേ എനിക്ക് സംസാരിക്കാന്‍ കഴിയൂ. എന്നാല്‍ എനിക്ക് എന്റേതായ അഭിപ്രായമുണ്ട് പക്ഷേ അത് പരസ്യമായി ഞാന്‍ പറയുന്നില്ല.
താങ്കള്‍ കേരളത്തിന്റ മുന്‍ ആഭ്യന്തരവകുപ്പ് മന്ത്രിയാണ്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്നതും ആഭ്യന്തര വകുപ്പാണ്. കേരളത്തിലെ പോലീസ് സംവിധാനം കുത്തഴിഞ്ഞോ ?
ഞാന്‍ ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്താണ് കേരളചരിത്രത്തില്‍ ആദ്യമായി ഒരു ആഭ്യന്തരവകുപ്പ് മന്ത്രിയെ ബെസ്റ്റ് മിനിസ്റ്റര്‍ ആയി പബ്ലിക് ഒപ്പീനിയനിലൂടെ തെരഞ്ഞെടുത്തത്. അതുകൊണ്ട് ഞാന്‍ പിന്നെ അതിനു വേറെ ഒരു സര്‍ട്ടിഫിക്കറ്റിന് വേണ്ടി പോകേണ്ട കാര്യമില്ല. അതേസമയം യാഥാര്‍ത്ഥ്യം കണ്ടറിയാവുന്ന ബഹുജനങ്ങള്‍ ഈ നാട്ടിലുണ്ട് . നിങ്ങള്‍ക്ക് എന്റെ കാലത്തെ ഏതെങ്കിലും സ്ഥലത്ത് മാങ്ങാമോഷ്ടിച്ച പോലീസുകാരനെ കുറിച്ച് കേട്ടിട്ടുണ്ടോ ? പണപ്പെട്ടിയില്‍ കൈയിട്ടുവാരിയ പോലീസുകാരനെ കുറിച്ച് കേട്ടിട്ടുണ്ടോ ? ഗുണ്ടാ സംഘങ്ങളുമായി ചങ്ങാത്തം സ്ഥാപിച്ച പോലീസുകാരനെ കുറിച്ച് കേട്ടിട്ടുണ്ടോ ? ക്രിമിനലുകള്‍ എന്ന് പ്രഖ്യാപിച്ചിട്ടും പോലീസ് ക്യാപ്പ് തലയില്‍ വെച്ചുകൊണ്ട് നടക്കുന്ന ആളുകളെ കുറിച്ച് കേട്ടിട്ടുണ്ടോ ? പോലീസ് സേനയെ ശുദ്ധീകരിക്കണം. അതാണ് നമ്പര്‍വണ്‍ ആവശ്യം. നമ്മള് ക്രമസമാധാനത്തെക്കുറിച്ച് പറയുമ്പോഴും , നാട്ടിലെ ക്രമസമാധാന പാലനം ഗംഭീരം ആകണമെന്ന് ആവശ്യപ്പെടുമ്പോഴും കേരളത്തിലെ പോലീസിനെ ശുദ്ധീകരിക്കുക എന്ന ജോലി ഈ ഗവണ്മെന്റ് ചെയ്തിട്ടില്ല. അവിടെയാണ് അടി തെറ്റിയത്. അടി തെറ്റിയാല്‍ ആനയും മറിയും. അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.
പിണറായി വിജയന്റെ സെക്യുരിറ്റിയും വാഹന വ്യൂഹവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും തെരുവിലെ സമരങ്ങളും എന്നും വാര്‍ത്തയാണ്. താങ്കള്‍ക്ക് എന്താണ് തോന്നുന്നത്?
ഇത്രയും ലെവലിലുള്ള സെക്യൂരിറ്റി കേരളത്തില്‍ ആവശ്യമുണ്ടോ എന്നുള്ള കാര്യം ആ ദേഹമാണ് ആലോചിക്കേണ്ടത്. ഞങ്ങളല്ല. പക്ഷേ ഞാന്‍ എന്റെ അനുഭവം പറയാം ഞാന്‍, ഞാന്‍ ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ കോട്ടയം പട്ടണത്തിലൂടെ ഒരു പോലീസുകാരന് പോലും ഇല്ലാതെ കാല്‍നടയായിട്ട് നടന്നു പോകുന്നത് ഈ നാട്ടിലുള്ള പല ആളുകള്‍ക്കും അറിയാം. എനിക്കൊരു എസ്കോര്‍ട്ടും ഇല്ല , പൈലറ്റുമില്ല .
ഇതു പറയുമ്പോഴും കെ.വി. തോമസും അനില്‍കുമാറും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്നും ഇടതുപക്ഷത്തേക്ക് ചായുകയാണ്, അവര്‍ക്ക് സ്ഥാനമാനങ്ങളും കിട്ടുന്നു. ഈ കൊഴിഞ്ഞുപോക്ക് തടയാനോ നേരിടാനോ എന്തെങ്കിലും നീക്കങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുണ്ടാകുമോ ?
പ്രലോഭനങ്ങള്‍ക്ക് വിധേയരായ ഏതെങ്കിലും ഒരാള്‍ കൂറുമാറി പോയാല്‍ അതില്‍ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും? അതിനെക്കാള്‍ വലിയ പ്രലോഭനം കൊടുത്ത് നമുക്കിപ്പുറത്ത് നിര്‍ത്താന്‍ പറ്റുമോ ? പിന്നെ ഈ താക്കോല്‍ സ്ഥാനമൊക്കെ കണ്ടു പോയിട്ടുള്ള ആളുകള്‍ താക്കോല്‍ സ്ഥാനത്ത് തന്നെ ഇരുന്ന് താക്കോലൊക്കെ ഒടിഞ്ഞുപോയത് നമ്മള് കണ്ടതല്ലേ . അതുകൊണ്ട് താക്കോല്‍ സ്ഥാനത്തെക്കുറിച്ച് ഒന്നും പറയണ്ട . കൂറുമാറ്റക്കാരെ കൊണ്ട് ഒരു രാഷ്ട്രീയ കക്ഷിയും നിലനില്‍ക്കില്ല.
ഞാന്‍ വാദിക്കാന്‍ വേണ്ടി പറയുകയല്ല. കൊഴിയാത്ത ഏതെങ്കിലും ഒരു പാര്‍ട്ടി ഉണ്ടോ കേരളത്തില്‍ ? എല്ലാ പാര്‍ട്ടിയില്‍ നിന്നും പോയിട്ടുണ്ട്. ചിലപ്പോള്‍ ഈ ഉഷ്ണക്കാറ്റ് അടിക്കുന്ന കാലത്ത് നമ്മുടെ ഇലകള്‍ കുറച്ചു കൂടുതല്‍ കൊഴിഞ്ഞെന്നിരിക്കും ഇരിക്കും അതൊന്നും ഒരു പ്രശ്നമേയല്ല. ഒരു പാര്‍ട്ടി നിലനില്‍ക്കുന്നത് ഈ വേലിയേറ്റവും വേലിയിറക്കവും കണ്ട് കൂടു മാറുന്നവരെ നോക്കിയല്ല. അവരെക്കുറിച്ച് ബഹുജനങ്ങള്‍ക്ക് പുച്ഛമാണ്. ആദര്‍ശ ശുദ്ധിയോട് കൂടി നില്ക്കുന്ന മുഴുവന്‍ ആള്‍ക്കാരും കോണ്‍ഗ്രസിനകത്ത് സജീവമായി നില്‍ക്കുകയാണ്.
ഇത്രയും കാലത്തെ താങ്കളുടെ രാഷ്ട്രീയ ജീവിതത്തിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ?
എന്നെ ഇതൊക്കെ ആക്കിയത് എന്റെ പാര്‍ട്ടിയാണ്. എന്നോട് ചെയ്യാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ഒക്കെയും ഞാന്‍ ചെയ്തു. അതില്‍ തൃപ്തിയായത് കൊണ്ടാകാം പാര്‍ട്ടി എനിക്ക് കഴിയാവുന്നത്ര സ്ഥലങ്ങളില്‍ എന്റെ സര്‍വീസ് ഉപയോഗിക്കുന്നതിനുവേണ്ടി ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് ആ പാര്‍ട്ടിയോട് വിധേയപ്പെട്ട് മുന്നോട്ടുപോവുക എന്നുള്ളത് തന്നെയാണ് എന്റെ നയം . അതില്‍ ഞാന്‍ സംതൃപ്തനുമാണ് . ഓരോ വ്യക്തികളുടെയും കഴിവിന്റെ പരമാവധി വിനിയോഗിക്കുക എന്നുള്ളത് പാര്‍ട്ടിയുടെ പൊതു തീരുമാനമാണ്. അതാണ് പലരുടെയും കാര്യത്തില്‍ നമ്മള് ചെയ്തിട്ടുള്ളത്. ആ നിലയില്‍ ഭംഗിയായി പോകട്ടെ .