ബോളിവുഡിലെ പ്രിയ താരം രണ്‍ബീര്‍ കപൂറിന് പാക് സിനിമകളോടുളള താത്പര്യത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
ജിദ്ദയില്‍ നടന്ന ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍, കലയ്ക്ക് പ്രത്യേകിച്ച് അതിരുകള്‍ ഇല്ലെന്നും നല്ല ചിത്രങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കുമെന്നുമായിരുന്നു രണ്‍ബീറിന്റെ കമന്റ്. പാക് ചിത്രങ്ങളോടുളള താത്പര്യം തുറന്നുപറഞ്ഞ താരത്തിനെതിരെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. അടുത്തിടയില്‍ നടന്ന അഭിമുഖത്തില്‍ തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് രണ്‍ബീര്‍ പറഞ്ഞിരുന്നു.
'എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതായി തോന്നുന്നു. ചലച്ചിത്ര മേളയില്‍ വെച്ച് നല്ല കഥകള്‍ ലഭിച്ചാല്‍ പാകിസ്താനി ചിത്രങ്ങളില്‍ അഭിനയിക്കുമോ എന്ന് ചോദിച്ചിരുന്നു. അതിന്റെ പേരില്‍ ഒരു വിവാദം വേണ്ടെന്ന് കരുതിയാണ് അന്ന് ആലോചിക്കാമെന്ന് പറഞ്ഞത്.
എന്നാല്‍ ഈ വിഷയത്തില്‍ വലിയ വിവാദങ്ങള്‍ ആവശ്യമുണ്ടെന്നു കരുതുന്നില്ല. സിനിമ സിനിമയാണ്. രാഷ്ട്രീയമായ അതിര്‍ത്തികള്‍ സിനിമയ്ക്ക് ബാധകമല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പാകിസ്താനി നടന് ഫവാദ് എന്നോടൊപ്പം 'യേ ദില്‍ ഹേ മുഷ്കില്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. കൂടാതെ നിരവധി പാക് കലാകാരന്മാരെ എനിക്ക് അറിയാം. റാഹത് ഫത്തേ അലി ഖാന്, ആതിഫ് അസ്ലം തുടങ്ങിയ പാക് പ്രതിഭകള്‍ ഹിന്ദി സിനിമക്ക് നല്കിയ സംഭാവനകള്‍ വളരെ വലുതാണ്. എന്നാല്‍ കല മാതൃരാജ്യത്തെക്കാള്‍ വലുതല്ല. എന്റെ ആദ്യ പരിഗണന എപ്പോഴും തന്റെ രാജ്യത്തിനായിരിക്കും'- രണ്‍ബീര്‍ പറഞ്ഞു.






